Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'കാഫിര്‍' സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുഡിഎഫ്

12:24 PM Aug 14, 2024 IST | Online Desk
Advertisement

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ സി.പി.എം നേതാക്കള്‍ കുടുങ്ങുമെന്ന് യു.ഡി.എഫ് വടകര മണ്ഡലം ചെയര്‍മാന്‍ പാറക്കല്‍ അബ്ദുല്ല. ഇടത് സൈബര്‍ സംഘങ്ങളാണ് സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചതെന്ന് വ്യക്തമായെന്നും അബ്ദുല്ല പറഞ്ഞു.

Advertisement

പ്രതികള്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. റിബേഷ് എന്ന അധ്യാപകനാണ് ആദ്യമായി ഗ്രൂപ്പില്‍ പോസ്റ്റിട്ടത്. നാട്ടില്‍ വിഭാഗീയത ഉണ്ടാക്കിയ ആള്‍ അധ്യാപകനായിരിക്കാന്‍ അര്‍ഹനല്ല. പ്രതിയെ കസ്റ്റഡിയിലെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. പൊലീസ് ആരെയോ ഭയപ്പെടുന്നുവെന്നും പാറക്കല്‍ അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞു.

കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് പിന്നില്‍ സി.പി.എം ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ഡി.സി.സി അധ്യക്ഷന്‍ അഡ്വ. കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റിനെതിരെ ഇരയുടെ പരാതിയില്‍ പൊലീസ് കേസെടുത്തില്ല. ഫോണ്‍ കസ്റ്റഡിയില്‍ എടുക്കുകയല്ല, മറിച്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടതെന്നും പ്രവീണ്‍ കുമാര്‍ ചൂണ്ടിക്കാട്ടി.

കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നു. സി.പി.എമ്മിന്റെ പോഷക സംഘടനയെ പോലെയാണ് പൊലീസ് പെരുമാറുന്നത്. വടകരയിലെ പൊലീസ് സി.പി.എമ്മിനെ പേടിക്കുകയാണ്. അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ ഉടന്‍ പ്രക്ഷോഭം തുടങ്ങുമെന്നും വടകരയില്‍ യു.ഡി.എഫ്. യോഗം ചേരുമെന്നും പ്രവീണ്‍ കുമാര്‍ മാധ്യമങ്ങളെ അറിയിച്ചു.

വടകര ലോക്‌സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പുകാലത്ത് പ്രചരിച്ച 'കാഫിര്‍' സ്‌ക്രീന്‍ ഷോട്ടിന്റെ ഉറവിടം റെഡ് ബറ്റാലിയന്‍, റെഡ് എന്‍കൗണ്ടേഴ്‌സ് എന്നീ വാട്സ്ആപ് ഗ്രൂപ്പുകളെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കേസില്‍ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ എം.എസ്.എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിം നല്‍കിയ ഹരജിയിലാണ് വടകര പൊലീസ് ഇന്‍സ്‌പെക്ടര്‍ കേസ് ഡയറി ഹൈകോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍, ഫേസ്ബുക്, വാട്‌സ്ആപ് സന്ദേശങ്ങള്‍ക്ക് തുടക്കമിട്ടത് ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

അമ്പലമുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക് അക്കൗണ്ടുമായി ബന്ധപ്പെട്ട രണ്ട് ഫോണ്‍ നമ്പറുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മനീഷ്, സജീവ് എന്നിവരുടെ പേരിലുള്ളതാണ് ഈ നമ്പറുകള്‍. അമ്പലമുക്ക് സഖാക്കള്‍ എന്ന പേജിന്റെ അഡ്മിനായ മനീഷിന്റെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. റെഡ് ബറ്റാലിയന്‍ എന്ന വാട്സ്ആപ് ഗ്രൂപ്പില്‍ നിന്നാണ് മനീഷിന് വിവാദ പോസ്റ്റ് കിട്ടിയതെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു.

അമല്‍റാം എന്നയാളാണ് റെഡ് ബറ്റാലിയന്‍ ഗ്രൂപ്പില്‍ ഇത് പോസ്റ്റ് ചെയ്തത്. റെഡ് എന്‍കൗണ്ടേഴ്‌സ് എന്ന ഗ്രൂപ്പില്‍ നിന്ന് ഇത് കിട്ടിയെന്നാണ് അമല്‍ റാം പറയുന്നത്. റെഡ് എന്‍കൗണ്ടേഴ്‌സില്‍ ഇത് പോസ്റ്റ് ചെയ്തത് റിബീഷ് എന്നയാളാണെന്നാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ റിബീഷിന്റെ മൊഴി എടുത്തെങ്കിലും പോസ്റ്റ് ലഭിച്ചത് എവിടെ നിന്നാണെന്ന് പറയാന്‍ തയാറായില്ല. പോരാളി ഷാജി എന്ന ഫേസ്ബുക് ഗ്രൂപ്പില്‍ വിവാദ പോസ്റ്റ് ഇട്ടത് വഹാബ് എന്നയാളാണ്.

Advertisement
Next Article