മോചനം നേടാനാവാതെ മണിപ്പൂര്‍: ആസാമിലേയ്ക്ക് കൂട്ട പലായനം
ഇംഫാല്‍: കലാപത്തിന്റെ തീവ്രതയില്‍നിന്ന് മോചനം നേടാനാവാതെ മണിപ്പൂര്‍. സംഘര്‍ഷഭരിതമായ ജിരിബാം ജില്ലയില്‍ നിന്നുള്ളവരടക്കം 2,000ത്തോളം പേര്‍ അയല്‍ സംസ്ഥാനമായ ആസാമിലേയ്ക്ക് പലായനം ചെയ്തതതായാണ് റിപ്പോര്‍ട്ട്. അഭയാര്‍ഥികളെത്തുന്ന സാഹചര്യത്തില്‍ അസമിലെ കച്ചാര്‍ ജില്ലയില്‍ സുരക്ഷാസേന അതീവ ജാഗ്രത പുലര്‍ത്തുകയാണ്.
അഭയം തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അസമിലെ ലാഖിപൂര്‍ മണ്ഡലം എം.എല്‍.എ കൗശിക് റായ് പറഞ്ഞു. ഇവരില്‍ ഭൂരിഭാഗവും കുക്കി ഗോത്രക്കാരാണ്. മെയ്‌തേയികളും കൂട്ടത്തിലുണ്ട്. മണിപ്പൂരിലെ പൊട്ടിത്തെറി ആസാമിലേക്ക് പടരാതിരിക്കാന്‍ പൊലീസ് മേധാവികളും ലാഖിപൂരിലെ വിവിധ സമുദായ സംഘടനകളും തിങ്കളാഴ്ച യോഗം ചേര്‍ന്നതായി കൗശിക് പറഞ്ഞു. ഞങ്ങള്‍ക്കിവിടെ വളരെ വൈവിധ്യമാര്‍ന്ന ജനസംഖ്യയുണ്ട്. ബംഗാളികള്‍, ഹിന്ദി സംസാരിക്കുന്നവര്‍, മണിപ്പൂരി മുസ്ലിംകള്‍, ബിഹാരികള്‍, കുക്കികള്‍, ഖാസി, റോങ്മേയ് തുടങ്ങിയവരൊക്ക ഇവിടെ അധിവസിക്കുന്നു. ഇപ്പോള്‍ അഭയാര്‍ഥികളുടെ എണ്ണം ഏറെയുണ്ട്. എന്നാല്‍, എന്ത് സംഭവിച്ചാലും അത് ആസാമിനെ ബാധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ലാഖിപൂര്‍ സബ് ഡിവിഷനില്‍ സുരക്ഷ ശക്തമാക്കിയതായും പ്രത്യേക കമാന്‍ഡോകളെ വിന്യസിച്ചിട്ടുണ്ടെന്നും കച്ചാര്‍ എസ്.പി നുമാല്‍ മഹാത്ത പറഞ്ഞു.കുഞ്ഞുങ്ങളുമായടക്കം കുടിയേറുന്നവരെ സ്‌കൂളുകളിലും മറ്റുമുള്ള ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. മധുപൂരില്‍ നിന്നുള്ള സുഭിത ഒക്രം ജിരിബാമിലെ സ്പോര്‍ട്സ് കോംപ്ലക്‌സിലെ ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നത്. 'തീവ്രവാദികള്‍ ഗ്രാമത്തെ വളഞ്ഞതറിഞ്ഞ ഉടന്‍ ഞങ്ങളവിടം വിട്ട് ബോറോബെക്ര പോലീസ് സ്റ്റേഷനില്‍ അഭയം തേടി. തൊട്ടുപിന്നാലെ ഞങ്ങളുടെ വീടുകള്‍ അഗ്‌നിക്കിരയാക്കിയെന്ന വാര്‍ത്തയെത്തി. അവിട നിന്നാണ് ഞങ്ങളെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിച്ചത്. ഇനി തിരികെ പോകാനാകുമോ എന്ന് ഞങ്ങള്‍ക്ക് അറിയില്ലെ'ന്നും സുഭിത വിലപിക്കുന്നു.
ഒരു വര്‍ഷം പിന്നിട്ട മണിപ്പൂര്‍ കലാപം ശമിപ്പിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞിട്ടില്ല. കലാപം തുടങ്ങിയതിന് ശേഷം മോദി മണിപ്പൂര്‍ സന്ദര്‍ശിക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മോദി സംസ്ഥാനത്തെത്തിയില്ല.