തട്ടിപ്പ് സ്ഥാപനങ്ങൾ വഴി പണമയ ക്കുന്നവർ സെൻട്രൽ ബാങ്കിന്റെ കർശന നിരീക്ഷണത്തിൽ!
കുവൈറ്റ് സിറ്റി : നിയമാനുസൃതമല്ലാത്ത എക്‌സ്‌ചേഞ്ച് കമ്പനികളുടെ വഴിവിട്ടുള്ള പണമിടപാടിനെ തുടർന്ന് നിയമാനുസൃതം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഏറെ പ്രതിസന്ധി നേരിടുന്നതായി ചൂണ്ടികാണിക്കപ്പെടുന്നു. ചില സ്വകാര്യ സ്ഥാപനങ്ങൾ അവരുടെ അനുവദിക്കപ്പെട്ടിട്ടുള്ള ശേഷിയിൽ കൂടുതൽ തുകയുടെ വിനിമയം ഇങ്ങനെ നടത്തിയതായി ബന്ധപ്പെട്ടവർ കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ വളരെയേറെ വർധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ പണവിനിമയം അടുത്തിടെ സെൻട്രൽ ബാങ്കിന്റെ സൂക്ഷ്മപരിശോധനയ്‌ക്ക് വിധേയമാക്കിയിട്ടുണ്ട്. 2023-ലെ ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റിൻ്റെ റിപ്പോർട്ട് അനുസരിച്ച്, കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങളെ സംബന്ധിച്ച് ലഭിച്ച അറിയിപ്പുകളുടെ വലിയൊരു ഭാഗവും വ്യവസ്ഥാപിതമല്ലാത്ത എക്സ്ചേഞ്ച് സ്ഥാപനങ്ങൾ വഴിയുള്ള ഇടപാടുകൾ ആയിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
ചെറിയ നിരക്കുകൾ ആകർഷകമാക്കി പ്രദർശിപ്പിച്ചുകൊണ്ട് നിയമവിരുദ്ധമായ സാമ്പത്തിക പ്രവർത്തനങ്ങൾ നടത്തുന്ന ഇത്തരം കമ്പനികളുടെ പങ്ക് ആശങ്കയോടെയാണ് അധികാരികൾ നോക്കി കാണുന്നത്. 2023 ഡിസംബറിൽ, രണ്ട് പ്രവാസി പണമിടപാടുകാരെ തടവിലാക്കാനും അവർക്ക് 60 ദശലക്ഷം ദിനാർ പിഴ ചുമത്താനുമുള്ള കാസേഷൻ കോടതിയുടെ വിധി ഉണ്ടായിരുന്നു. ഇത് സാഹചര്യത്തിൻ്റെ ഗൗരവം കൂടുതൽ വർധിപ്പിക്കുന്നു. നിയമാനുസൃതമല്ലാതെയും ആവശ്യമായ സാമ്പത്തിക ഗ്യാരണ്ടികൾ ഇല്ലാത്തതുമായ സ്ഥാപനങ്ങൾ വലിയ തുകകൾ ക്രയവിക്രയം നടത്തുമ്പോൾ കമ്പനികളുടെ ശേഷിയും സാമ്പത്തിക ഇടപാട് തുകയും തമ്മിൽ പൊരുതപ്പെടാതെ വരുന്നത് അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് കള്ളപ്പണം വെളുപ്പിക്കൽ പദ്ധതിയിൽ അവരുടെ പങ്കാളിത്തത്തെ വെളിപ്പെടുത്തുന്നു. മാത്രമല്ല ഇത്തരം സ്ഥാപനങ്ങൾ വഴി ഇടപാട് നടത്തുന്നത് തങ്ങളുടെ പണം ഉദ്ദേശിച്ച അകൗണ്ടിൽ എത്തിച്ചേരുമെന്നതിനു യാതൊരു ഉറപ്പും ഉണ്ടാവുകയില്ല എന്ന പരിമിതിയുമുണ്ട്.
കുവൈറ്റിലെ എക്‌സ്‌ചേഞ്ച് കമ്പനികൾ സെൻട്രൽ ബാങ്കിൻ്റെ കർശന മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ഫെഡറേഷൻ ഓഫ് എക്‌സ്‌ചേഞ്ച് കമ്പനികളുടെ തലവൻ അബ്ദുല്ല നജീബ് അൽ മുല്ല വ്യക്തമാക്കി. ഓരോ ഇടപാടുകളെ സംബന്ധിച്ചും കുവൈറ്റ് സെൻട്രൽ ബാങ്ക് എല്ലാ നിലയിലുമുള്ള റിപ്പോർട്ടുകൾ ശേഖരിക്കുന്നുണ്ട്. നിയമാനുസൃതമല്ലാത്ത ഇത്തരം ധനവിനിമയ കേന്ദ്രങ്ങളുമായി ഇടപാടുകൾ നടത്തുന്നവരും കർശന നിരീക്ഷണത്തിലാണ്. കള്ളപ്പണം വെളുപ്പിക്കൽ - വിനിമയ നിയമങ്ങൾ അനുശാശിക്കുന്ന ശിക്ഷകൾ ഇക്കൂട്ടരെ പിന്തുടർന്നെത്തും എന്നത് അവിതർക്കിതമാണ്. തട്ടിപ്പു സ്ഥാപനങ്ങളുടെ പിറവിയോടെ പൂർണ്ണ സുരക്ഷയിൽ പണമിടപാട് നടത്തിയിരുന്ന സ്ഥാപനങ്ങൾ വലിയ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്. മിക്ക എക്സ്ചേഞ്ച് കമ്പനികളും ഔട്ലെറ്റുകൾ അടച്ചു പൂട്ടിയും മറ്റു ചെലവുകൾ വെട്ടിക്കുറച്ചും നിലനിപ്പിനായി പൊരുതുകയാണ്. മലയാളികൾ അടക്കമുള്ള പ്രവാസി സമൂഹത്തിന്റെ കല സാംസ്‌കാരിക സദസ്സുകൾക്കുള്ള നിർലോഭമായ വരുമാന ശ്രോതസ്സുകളായിരുന്ന എക്സ്ചേഞ്ച് കമ്പനികളുടെ ഇന്നത്തെ ദുർവിധിയെ തുടർന്ന് കുവൈറ്റിലെ സാംസ്‌കാരിക പരിപാടികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.