അനുവാദമില്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറി; അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: പ്രദേശത്ത് അനുവാദമില്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറി സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. ഉരുള്‍പ്പൊട്ടല്‍ നടന്ന വിലങ്ങാട് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ സന്ദര്‍ശനം നടത്തിയശേഷമാണ് നിര്‍ദേശം നല്‍കിയത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ വിലങ്ങാട് എത്തിയ ചീഫ് സെക്രട്ടറി ഉരുള്‍പ്പൊട്ടലില്‍ വീടുകളും റോഡുകളും കടകളും ഉള്‍പ്പെടെ ഒലിച്ചുപ്പോയ മഞ്ഞച്ചീളിയിലെത്തിയാണ് ദുരന്തത്തിന്റെ നേര്‍ചിത്രം നേരില്‍ കണ്ടു.
വീടുകളും ഉപജീവനോപാധികളും നഷ്ടപ്പെട്ടവരും ഉരുളെടുത്ത സ്ഥലങ്ങള്‍ക്ക് സമീപം താമസിക്കുകയും ചെയ്യുന്ന പ്രദേശവാസികളുള്‍പ്പടെ ചീഫ് സെക്രട്ടറിക്ക് മുന്നില്‍ പരാതികളും ആശങ്കകളും പങ്കുവെച്ചു. സന്ദര്‍ശനത്തിന് ശേഷം വാണിമേല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ അവലോകന യോഗം ചേര്‍ന്നു.
ദുരിതാശ്വാസ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ട് വിലങ്ങാട് നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ചും അതിന്റെ പുരോഗതിയെ കുറിച്ചുമുള്ള കാര്യങ്ങള്‍ ജനപ്രതിനിധികളില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും അവര്‍ ചോദിച്ചറിഞ്ഞു. പട്ടികവര്‍ഗ മേഖലയിലെ ഉന്നതികള്‍ സംബന്ധിച്ച വിവരങ്ങള്‍, വാസയോഗ്യമായ സ്ഥലവും അപകട മേഖലയും സംബന്ധിച്ച വിവരങ്ങള്‍, വീട് നഷ്ടപ്പെട്ടവര്‍ക്ക് തടസം കൂടാതെ വാടക ലഭിക്കുന്ന കാര്യം, കാര്‍ഷിക നഷ്ടം തുടങ്ങിയ വിഷയങ്ങളെ കുറിച്ചും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ കുറിച്ചുമാണ് ചീഫ് സെക്രട്ടറി ചോദിച്ചത്.
രേഖകള്‍ വീണ്ടെടുക്കാനുള്ള അദാലത്തുമായി ബന്ധപ്പെട്ട് അപേക്ഷിച്ചവര്‍ക്ക് രേഖകള്‍ കിട്ടിയോയെന്ന് അന്വേഷിക്കണമെന്ന് അവര്‍ നിര്‍ദ്ദേശിച്ചു. കൃഷിയോഗ്യമായ ഭൂമിക്ക് സാധാരണ നഷ്ടപരിഹാരവും കൃഷിയോഗ്യമാക്കാന്‍ പറ്റാത്ത ഭൂമിക്ക് അതിന്റെ അടിസ്ഥാനത്തിലുള്ള നഷ്ടപരിഹാരവും നല്‍കണമെന്ന് പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നഷ്ടമായ തൊഴില്‍ ഉറപ്പാക്കി നല്‍കണമെന്നും തൊഴിലുറപ്പ് പദ്ധതി പ്രകാരം പ്രദേശത്ത് പ്രത്യേക പദ്ധതി നടപ്പിലാക്കണമെന്നും ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ വാണിമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിട സുരയ്യ ടീച്ചര്‍, വൈസ് പ്രസിഡന്റ് സല്‍മ രാജു, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി, വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ്, ഡെപ്യൂട്ടി കലക്ടര്‍ (ദുരന്തനിവാരണം) ഇ. അനിതകുമാരി, വടകര ആര്‍ഡിഒ ഷാമിന്‍ സെബാസ്റ്റ്യന്‍, തഹസില്‍ദാര്‍ ഡി. രഞ്ജിത്ത്, വിവിധ വാര്‍ഡിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു