കേന്ദ്ര വനംമന്ത്രി വയനാട്ടിൽ വരുന്നത് രാഹുല്‍ ഗാന്ധിക്കെതിരെ പറയാൻ, സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം; യുഡിഎഫ്
കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ വയനാട് സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് യുഡിഎഫ്. ബിജെപിയുടെ കർണാടക സംസ്ഥാന അധ്യക്ഷൻറേത് ഹീനമായ ഭാഷയെന്ന് ടി സിദ്ദിഖ് എംഎൽഎ ആരോപിച്ചു. ബേലൂർ മഖ്‌ന കൊലപ്പെടുത്തിയ അജീഷിന് കർണാടക ധനസഹായം നൽകിയതിനെതിരെ ബിജെപി പ്രതിഷേധിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ആശ്വാസ ധനം നൽകുന്നതിനെ പോലും എതിർക്കുന്ന സമീപനമാണ് ബിജെപിയുടേതെന്നും, രാഹുൽഗാന്ധിക്കെതിരെ എന്തെങ്കിലും പറയാമെന്ന് കരുതിയാണ് കേന്ദ്രമന്ത്രി വരുന്നതെങ്കിൽ ജനം കേന്ദ്രമന്ത്രിയെ തള്ളിപ്പറയുമെന്നും ടി സിദ്ദിഖ് കൂട്ടിച്ചേർത്തു.
വന്യജീവികളെ പ്രതിരോധിക്കാൻ കേന്ദ്രനിയമത്തിൽ എന്തെങ്കിലും മാറ്റം വരുത്താൻ മന്ത്രിക്ക് കഴിയുമോ എന്ന് ഐസി ബാലകൃഷ്ണൻ ചോദിച്ചു. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് എന്ത് ആശ്വാസമാണ് കേന്ദ്രസർക്കാർ നൽകുക ? വന്യജീവി ആക്രമണത്തിൽ നേരത്തെയും മരണം സംഭവിച്ചിട്ടുണ്ടെന്നും ഒരു കേന്ദ്രമന്ത്രിയെ പോലും ഈ വഴി കണ്ടിട്ടില്ലെന്നും ഐസി ബാലകൃഷ്ണൻ പറഞ്ഞു.
വന്യമൃഗ ആക്രമണം രൂക്ഷമായ വയനാട് ജില്ലയിൽ സന്ദർശനം നടത്തുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വ്യക്തമക്കിയിരുന്നു.
ഡൽഹിയിൽ നടന്ന ഉന്നതതല യോഗത്തിനുശേഷമാണ് വയനാട് സന്ദർശിക്കുമെന്നും സ്ഥിതിഗതികൾ വിലയിരുത്തി പ്രശ്നത്തിന് പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചത്. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി മന്ത്രി കൂടിക്കാഴ്ച നടത്തും.
മനുഷ്യജീവനുകൾ സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ആവശ്യമായതെല്ലാം ചെയ്യാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഭൂപേന്ദ്ര യാദവ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.