മഴക്കാലമായതിനാലാണ് പാലം തകരുന്നതെന്ന് കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി
പാറ്റ്‌ന: ബിഹാറില്‍ പാലം തകര്‍ച്ച തുടര്‍ക്കഥയായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 17 ദിവസത്തിനിടയില്‍ സംസ്ഥാനത്ത് 12 പാലങ്ങളാണ് തകര്‍ന്നുവീണത്. ഇതോടെ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തുകയും നിതീഷ് കുമാര്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയും ചെയ്തു. ഇപ്പോള്‍ പാലം തകര്‍ച്ചയുടെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രമന്ത്രിയും ബിഹാര്‍ മുന്‍മുഖ്യമന്ത്രിയുമായ ജിതന്‍ റാം മാഞ്ചി.
'ഇത് മണ്‍സൂണ്‍ കാലമാണ്. അസാധാരണമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. അതാണ് പാലങ്ങള്‍ തകരാനുള്ള കാരണം'' മാഞ്ചി പറഞ്ഞു. ''പക്ഷെ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഏത് തരത്തിലുള്ള അനാസ്ഥയ്‌ക്കെതിരെയും കര്‍ശന നടപടിയെടുക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.'അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിവാന്‍, സരണ്‍, മധുബാനി, അരാരിയ, ഈസ്റ്റ് ചമ്പാരന്‍, കിഷന്‍ഗഞ്ച് ജില്ലകളിലാണ് പാലം തകര്‍ന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.എല്ലാ പഴയ പാലങ്ങളെക്കുറിച്ച് അടിയന്തരമായി സര്‍വേ നടത്തി അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്താനും നിതീഷ് കുമാര്‍ റോഡ് നിര്‍മ്മാണ വകുപ്പിനും (ആര്‍സിഡി) റൂറല്‍ വര്‍ക്ക്‌സ് ഡിപ്പാര്‍ട്ട്മെന്റിനും (ആര്‍ഡബ്ല്യുഡി) നിര്‍ദേശം നല്‍കി.
തകര്‍ന്ന പാലങ്ങളില്‍ ഭൂരിഭാഗവും ആഴം കുറഞ്ഞ അടിത്തറയുള്ളതാണെന്നും 30 വര്‍ഷം പഴക്കമുള്ളവയാണെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പുതിയ പാലങ്ങള്‍ നിര്‍മിക്കുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയ കരാറുകാരില്‍ നിന്ന് ചെലവ് ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ളതും നിര്‍മ്മാണത്തിലിരിക്കുന്നതുമായ എല്ലാ പാലങ്ങളുടെയും സ്ട്രക്ചറല്‍ ഓഡിറ്റ് നടത്താന്‍ ബിഹാര്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയുമായി വിഷയം സുപ്രീം കോടതിയിലും എത്തിയിട്ടുണ്ട്.ദുര്‍ബലമായ കെട്ടിടങ്ങള്‍ പൊളിക്കാനോ പുതുക്കിപ്പണിയാനോ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്