ഇകെ നായനാരുടെ വസതിലെത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
കണ്ണൂര്‍: സിപിഎം നേതാവും മുൻ മുഖ്യമന്ത്രിമായിരുന്ന ഇകെ നായനാരുടെ കല്ല്യാശ്ശേരിയിലെ വസതിലെത്തി ശാരദ ടീച്ചറെ സന്ദർശിച്ച് കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. പയ്യാമ്പലത്തെ വീട്ടിൽ എത്തിയ അദ്ദേഹത്തെ നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍ സ്വീകരിച്ചു. തന്റെ കാല്‍തൊട്ട് വന്ദിച്ച സുരേഷ് ഗോപിക്ക് ശാരദ ടീച്ചര്‍ മധുരം നല്കി.
സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് അവർ പ്രതികരിച്ചു. സുരേഷ് ഗോപി വീട്ടില്‍ വരുന്നതില്‍ പുതുമയില്ല. ഇതിന് മുന്‍പും പലതവണ വന്നിട്ടുണ്ട്. കുടുംബവുമായി വര്‍ഷങ്ങളായുള്ള സ്നേഹബന്ധമാണുള്ളതെന്ന് ശാരദ ടീച്ചര്‍ പറഞ്ഞു. "തന്റെ സഖാവ് ആരാണെന്ന് അറിയില്ലേ, ഇതില്‍ രാഷ്ട്രീയം കാണരുത്' തന്റെ അപേക്ഷയാണെന്നും സഖാവിന് ദോഷം വരുന്നതൊന്നും പറയില്ലെന്നും അവര്‍ വ്യക്തമാക്കി.
സുരേഷ് ഗോപി രാഷ്ട്രീയം നോക്കിയല്ല പ്രവര്‍ത്തിക്കുന്നത്. പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. സുരേഷ് ഗോപി മന്ത്രിയായി നന്നായി പ്രവര്‍ത്തിക്കുമെന്ന് കരുതുന്നു. മുമ്പ് എംപി ആയിരുന്നപ്പോഴും നന്നായി പ്രവര്‍ത്തിച്ചയാളാണെന്നും ശാരദ ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. നായനാരെ കുറിച്ചെഴുതിയ പുസ്തകം അവര്‍ സുരേഷ് ഗോപിക്ക് സമ്മാനിച്ചു. ശാരദ ടീച്ചറോടൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.