സുഗന്ധതൈല വിളകളുടെ വികസനത്തിൽ കാർഷിക സർവകലാശാല
‘ബെസ്റ്റ് പെർഫോർമർ’
കേന്ദ്ര ധനസഹായത്തോടെ കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നടപ്പാക്കുന്ന സുഗന്ധ തൈല വിള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം. 2023-24 പ്രവര്‍ത്തന മികവിന് കേരള കാര്‍ഷിക സര്‍വകലാശാല “ബെസ്റ്റ് പെര്‍ഫോമര്‍” അംഗീകാരം ലഭിച്ചു. ദേശീയ തലത്തില്‍ അടയ്ക്കാ സുഗന്ധവിള ഗവേഷണ ഡയറക്ടറേറ്റിന്റെ കീഴില്‍ പദ്ധതി നടപ്പിലാക്കുന്ന 47 കേന്ദ്രങ്ങളില്‍ നിന്നും ആണ് കേരള കാര്‍ഷിക സര്‍വകലാശാലയെ പ്രസ്തുത അംഗീകാരത്തിനായി തിരഞ്ഞെടുത്തത്.
അടയ്ക്കാ സുഗന്ധവിള ഡയറക്ടറേറ്റിന്റെ ധനസഹായത്തോടെ സൂഗന്ധ തൈല വിള വികസനത്തിനായി മേന്‍മയുളള നടീല്‍ വസ്തുക്കളുടെ ഉല്‍പ്പാദനവും വിതരണവും, മികച്ച സാങ്കേതിക വിദ്യ പ്രചരിപ്പിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളാണ് സര്‍വകലാശാല പ്രധാനമായും നടപ്പാക്കി വരുന്നത്. ടിഷ്യൂകള്‍ച്ചര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് രോഗവിമുക്തമായ ഇഞ്ചിയുടെ ഉത്പാദനം വിവിധ ജില്ലകളിലെ കര്‍ഷകരുടെ തോട്ടങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. കൂടാതെ ലോകവ്യാപാരത്തില്‍ പ്രസിദ്ധമായ എന്നാല്‍ ഇപ്പോള്‍ അപൂര്‍വമായിക്കൊണ്ടിരിക്കുന്ന കൊച്ചിന്‍ ഇഞ്ചി, ആലപ്പി ഫിംഗര്‍ മഞ്ഞള്‍ എന്ന കേരളത്തിന്റെ തനത് ഇഞ്ചി മഞ്ഞള്‍ വ്യാപാര ഇനങ്ങളുടെ ഉത്പാദനം പുനരുജ്ജീവിപ്പിക്കുന്നതിനുളള പദ്ധതികളും കാര്‍ഷിക സര്‍വകലാശാല നടപ്പാക്കി വരുന്നു.
ശ്രീനഗറിലുളള ഷെര്‍-ഇ-കാഷ്മീര്‍ യൂണിവേഴ്സിറ്റി ഓഫ് അഗ്രികള്‍ച്ചര്‍ സയന്‍സ് ആന്റ് ടെക്നോളജിയില്‍ ജൂണ്‍ 10,11 തിയതികളിലായി നടത്തിയ ആനുവല്‍ ഗ്രൂപ്പ് മീറ്റിംങ്ങില്‍ വച്ച് കേരള കാര്‍ഷിക സര്‍വകലാശാലയുടെ നോഡല്‍ ഓഫീസറായ ഡോ. ജലജ. എസ്. മേനോന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ആര്‍. ദിനേഷ് -ല്‍ നിന്നും സര്‍ട്ടിഫിക്കറ്റും ഫലകവും ഏറ്റുവാങ്ങി. കേന്ദ്ര സര്‍ക്കാര്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ കമ്മീഷണര്‍ ഡോ. പ്രഭാത് കുമാര്‍, അടയ്ക്കാ സൂഗന്ധവിള ഗവേഷണ ഡയറക്ടര്‍ ഡോ. ഹോമി ചെറിയാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.