കാലിക്കറ്റ് സർവകലാശാല അക്കാദമിക് കൗൺസിൽ: കെപിസിടിഎക്ക് മികച്ച വിജയം
തേഞ്ഞിപ്പാലം : കാലിക്കറ്റ് സർവകലാശാലയുടെ അക്കാദമിക് കൗൺസിൽ തെരഞ്ഞെടുപ്പിൽ കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെപിസിടിഎ) സ്ഥാനാർഥികളിൽ എട്ടു പേർക്ക് മികച്ച വിജയം. ഡോ. സിമി വർഗീസ് (ജേർണലിസം ), ഡോ. ബിജു ലോന (ഫിസിക്കൽ എഡ്യൂക്കേഷൻ), ഡോ. കേശവൻ.കെ ( അക്വാ കൽച്ചർ ), ഷബ്‌ന ടി.പി (ലൈബ്രറി സയൻസ് ), സനൽകുമാർ.എസ് (ഇൻസ്ട്രുമെന്റഷന്), നജീബ്.കെ (ഇസ്ലാമിക് സ്റ്റഡീസ് ), ഡോ ജയാ ചെറിയാൻ (സോഷ്യൽ വർക് ), ഡോ. ഫാത്തിമത്തു സുഹറ (ഹോം സയൻസ് ) എന്നിവരാണ് വിജയിച്ചത്.
നാലു വർഷ ബിരുദത്തിന്റെ ആരംഭ ദശയിൽ നിരവധി അക്കാദമിക മാറ്റങ്ങൾ വരുമ്പോൾ കൃത്യമായ വിധത്തിൽ ഇടപെട്ട് പ്രവർത്തിക്കാൻ അധ്യാപക സമൂഹം നൽകിയ അവസരമാണെന്ന് വിജയികൾ പ്രതികരിച്ചു. വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇല്ലാതെ ആരംഭിക്കുന്ന നാലു വർഷ ബിരുദത്തിന്റെ സിലബസുകൾ ഇതു വരെയും സർവകലാശാല പുറത്തു വിടാത്തത് വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ ആശങ്കയുണ്ടാക്കുന്നതായി കെപിസിടിഎ കാലിക്കറ്റ് സർവകലാശാല റീജിയണൽ കമ്മറ്റി വിലയിരുത്തി. ഉന്നത വിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിനായി വിദ്യാർഥികളുടെ ക്ഷേമത്തിനായി ഉണർന്നു പ്രവർത്തിക്കുമെന്നും സർവകലാശാലയുടെ അക്കാദമിക് രംഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ കഴിയുന്നത്ര പരിശ്രമിക്കുമെന്നും വിജയികൾ പറഞ്ഞു. സെനറ്റ് അംഗങ്ങളായ ഡോ. ചാക്കോ വി.എം , ഡോ.സുൽഫി .പി, ശ സുനിൽകുമാർ.ജി, ഡോ ജയകുമാർ.ആർ, ഡോ ശ്രീലത .ഇ, ഡോ. മനോജ് മാത്യൂസ് സംസാരിച്ചു.