അശാസ്ത്രീയവും അപ്രായോഗികവുമായ ബഫര്‍സോണ്‍ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണം: പ്രിയങ്ക ഗാന്ധി
കേണിച്ചിറ /സുല്‍ത്താന്‍ ബത്തേരി: യാതൊരു ചര്‍ച്ചകളും നടത്താതെ ഒരു ദിവസം ജനവാസ മേഖലകളെ ബഫര്‍സോണായി പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അശാസ്ത്രീയവും അപ്രായോഗികവുമായ ബഫര്‍സോണ്‍ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്നും വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ കേണിച്ചിറയില്‍ നടന്ന കോര്‍ണര്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വയനാട്ടില്‍ മെച്ചപ്പെട്ട റോഡുകള്‍ ഉണ്ടാകേണ്ടതുണ്ട്. മെച്ചപ്പെട്ട ഭക്ഷ്യ സംസ്‌കരണ സംവിധാനങ്ങളും സംഭരണ കേന്ദ്രങ്ങളും ഉണ്ടെങ്കില്‍ ജനങ്ങള്‍ക്ക് അതുവഴി നല്ല വരുമാനം ലഭിക്കും. വന്യജീവി ആക്രമണങ്ങള്‍ മൂലം ക്ഷീരകര്‍ഷകര്‍ക്ക് അവരുടെ കാലികളെ നഷ്ടപ്പെടുകയാണ്. കര്‍ഷകരുടെ വിളകള്‍ നശിപ്പിക്കപ്പെടുന്നു. സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ മുടക്കിയിട്ട് ആറ് മാസമായി.
വയനാടിന്റെ ആത്മാവ് ആദിവാസി സമൂഹമാണ്. എന്നാല്‍ അവരുടെ അവകാശങ്ങള്‍ ഓരോ ദിവസം കഴിയും തോറും കേന്ദ്രസര്‍ക്കാര്‍ എടുത്തുമാറ്റുകയാണ്. ആദിവാസികളുടെ ഭൂമികള്‍ കോര്‍പ്പറേറ്റുകള്‍ക്ക് പതിച്ചു നല്‍കി. മെഡിക്കല്‍ കോളജ് എന്ന ബോര്‍ഡ് മാത്രമാണ് വയനാട്ടിലുള്ളത്. രാത്രി യാത്ര നിരോധനം മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. മെഡിക്കല്‍ കോളേജിനും ആരോഗ്യ, വിദ്യാഭ്യാസം സംവിധാനങ്ങള്‍ക്കും വേണ്ടി വയനാട്ടുകാര്‍ യാചിക്കുന്ന അവസ്ഥ ഉണ്ടാകരുത്. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തി തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനു പകരം കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക മേഖലയെ അവഗണിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ക്കുന്നു. രാജ്യത്തെ യഥാര്‍ഥ പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നില്ല.
രാജ്യത്ത് തൊഴിലില്ലായ്മ നിരക്കും വിലക്കയറ്റവും ഏറ്റവും ഉയരത്തിലെത്തി. വയനാട് ദുരന്തത്തില്‍ ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നും മഹാദുരന്തത്തെ പോലും രാഷ്ട്രീയവല്‍ക്കരിച്ചുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. എം. പി. മാരായ ഡീന്‍ കുര്യാക്കോസ്, ഫ്രാന്‍സിസ് ജോര്‍ജ്ജ്, തിരഞ്ഞെടുപ്പ് കമ്മിറ്റി കോര്‍ഡിനേറ്റര്‍മാരായ ഐ. സി. ബാലകൃഷ്ണന്‍ എം.എല്‍. എ. ടി. സിദ്ദിഖ് എം. എല്‍. എ. മാരായ ടി. സിദ്ദീഖ് എം.എല്‍.എ, ട്രഷറര്‍ ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, എം. എല്‍. എ. മാരായ സജീവ് ജോസഫ്, ചാണ്ടി ഉമ്മന്‍, കെ.കെ വിശ്വനാഥന്‍, ജോഷി കണ്ടത്തില്‍, വര്‍ഗീസ് മുരിയങ്കാവില്‍, ടി.പി രാജശേഖര്‍, മാടാക്കര അബ്ദുള്ള, മുഹമ്മദ് ബഷീര്‍, നാരായണന്‍ നായര്‍, ബീന ജോസ്, മിനി പ്രകാശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു