സർക്കാർ കൊട്ടിഘോഷിച്ച് തുടങ്ങിയ പദ്ധതികൾക്ക് അകാലചരമം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: പിണറായി സർക്കാർ കൊട്ടിഘോഷിച്ച് തുടങ്ങിയ പദ്ധതികൾക്ക് അകാല ചരമം സംഭവിച്ചെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. കെ. ഫോൺ പദ്ധതിയും കേരള സവരിയും, കെ സ്റ്റോറും ഇതിനുദാഹരണങ്ങളാണ്. മതിയായ മുന്നൊരുക്കമില്ലാതെ പദ്ധതി പ്രഖ്യാപിക്കുക, കോടികൾ ചിലവഴിച്ച് ഉദ്ഘാടന മാമാങ്കം നടത്തുക, സ്വന്തക്കാർക്കും ഇഷ്ടക്കാർക്കും വഴിവിട്ട് കരാറുകൾ നൽകുക, ഇടനിലക്കാർ വഴി കാശടിക്കുക, ഇതാണിപ്പോൾ നടക്കുന്ന ഏക പരിപാടി.
ആയിരം കോടിയോളം മുടക്കിയ കെ ഫോൺ പദ്ധതിയിൽ പതിനായിരം പേർക്ക് പോലും ഇതുവരെ കണക്ഷൻ നൽകാൻ കഴിഞ്ഞിട്ടില്ല. കണക്ഷൻ കിട്ടിയവർക്ക് സ്പീഡ് കുറവായത് കാരണം മറ്റ് സ്വകാര്യ കമ്പനികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
കെ. ഫോൺ ഉപയോഗിക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്ക് ആകട്ടെ ജനങ്ങൾക്ക് സേവനങ്ങൾ നൽകേണ്ട പല ആപ്പുകളും മതിയായ രീതിയിൽ പ്രവർത്തിപ്പിക്കാൻ കഴിയാത്ത അവസ്ഥയും ഉണ്ട്. കെ.ഫോണിന് ഉപയോഗിച്ച കേബിളുകൾ കാര്യക്ഷത കുറഞ്ഞ ചൈനീസ് കേബിളാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ അവയുടെ അവസ്ഥയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാർ ആഘോഷമാക്കി തുടങ്ങിയ കേരള സവാരിയുടെ അവസ്ഥ ഏറെ പരിതാപകരമാണ്. ടാക്സി വിളിക്കേണ്ട ആപ്പ് പോലും പ്രവർത്തിക്കുന്നില്ല. എന്തൊരു നാണംകെട്ട അവസ്ഥയാണിത്. നാടുനീളെ കുഴിച്ച് സിറ്റി ഗ്യാസിനായി പൈപ്പ് ഇടുന്ന പണി നടക്കുന്നുണ്ട്. കുഴിച്ച സ്ഥലം വേണ്ടവിധം മൂടാത്തതിനാൽ അവിടെ കുണ്ടും കുഴിയുമായി മാറിയിരിക്കുന്നു. ഏറെ ജാഗ്രതയോടെ നടത്തേണ്ട പദ്ധതിയാണിത്. എന്നാൽ കരാർ എടുത്ത ശേഷം ഉപകരാർ നൽകിയ കമ്പനിക്ക് മതിയായ സാങ്കേതിവിദ്യയില്ലെന്ന പരാതി വ്യാപകമാണ്. ഇതുകാരണം മാസങ്ങളായി നഗരത്തിൽ പലയിടത്തും പണി ഇഴയുകയാണ്. ഇതൊക്കെ പരിശോധിക്കേണ്ടവർ ഊരുചുറ്റി നടക്കുന്നു. കോടികൾ മുടക്കി സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ താളംതെറ്റിയത് സംബന്ധിച്ചു സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.