ദേശീയ പതാക പ്രചരണത്തിന് ഉപയോഗിക്കുന്നത് ചട്ടലംഘനം;
മോദിക്കെതിരെ തെര. കമ്മീഷൻ സ്വമേധയാ കേസ് എടുക്കണം
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ദേശീയ പതാക ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിനെതിരെ സ്വമേധയാ കേസെടുക്കണമെന്നും രമേശ് ചെന്നിത്തല. സ്ഥാനാർത്ഥികൾക്കെതിരെ സൈബറിടങ്ങളിൽ വ്യക്തിപരമായ അധിക്ഷേപം നടത്തുന്നതിനോട് ഒരുകാലത്തും കോൺഗ്രസിന് യോജിപ്പില്ല. യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് നേരെ എത്രമാത്രം സൈബർ ആക്രമണങ്ങളാണ് ഉണ്ടാകുന്നത്. ആർക്കെതിരെയും അങ്ങനെ ഉണ്ടാകാൻ പാടില്ലാത്തതാണ്. വ്യക്തിഹത്യയുടെ പേര് പറഞ്ഞ് സിംപതി നേടാനുള്ള ശ്രമങ്ങളാണോ ചിലയിടങ്ങളിൽ ഇപ്പോൾ നടക്കുന്നതെന്ന് സംശയമുണ്ട്. ക്രൈസ്തവ- മുസ്ലിം വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി ബിജെപി പല പ്രചരണങ്ങളും നടത്തുന്നുണ്ടെന്നും ആ കെണിയിൽ അവർ വീഴില്ലെന്നും ചെന്നിത്തല പറഞ്ഞു. എത്ര പണം വാരിയെറിഞ്ഞാലും ഭരണസ്വാധീനം ഉപയോഗിച്ചാലും കേരളത്തിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാനാവില്ല. നരേന്ദ്രമോദി ഇടയ്ക്കിടെ കേരളത്തിൽ വരുന്നത് കോൺഗ്രസിന് ഗുണം ചെയ്യുകയേയുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.