വണ്ടിപ്പെരിയാര്‍ കേസ്: ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് കുട്ടിയുടെ കുടുംബം
പൊലീസ് പ്രതിക്ക് ഒപ്പം നിന്നെന്ന് കുടുംബം
തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊന്ന കേസില്‍ പ്രതിയെ വെറുതെ വിട്ട കോടതി വിധി റദ്ദാക്കണമെന്ന് കുട്ടിയുടെ കുടുംബം. ഇതിനായി അപ്പീല്‍ നല്‍കുമെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ അനുമതി ലഭിച്ചാലുടന്‍ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുനില്‍ മഹേശ്വരന്‍ പിള്ള പറഞ്ഞു.
കേസില്‍ പ്രതിക്കെതിരെ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമം ചുമത്തുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. പൊലീസ് ഇക്കാര്യത്തില്‍ പ്രതിക്ക് ഒപ്പം നിന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ കേസ് നീണ്ടു പോകും എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണമെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.'കേസില്‍ ആനുകൂല്യം ലഭിക്കില്ലെന്ന് കത്ത് വന്നപ്പോഴാണ് വകുപ്പ് ചുമത്തിയില്ലെന്ന് അറിഞ്ഞത്. അര്‍ജുന്‍ പള്ളിയില്‍ പോകുന്ന ആളാണെന്ന് പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ പൊലീസ് അലംഭവം കാണിച്ചു. ഡിവൈ.എസ്.പിക്ക് പിന്നീട് പരാതി നല്‍കിയപ്പോള്‍ സി.ഐയെ സമീപിക്കാനായിരുന്നു നിര്‍ദേശം. പീരുമേട് എം.എല്‍.എ യുടെ കത്തും നല്‍കി. എന്നാല്‍ പൊലീസ് ഇക്കാര്യത്തില്‍ പ്രതിക്ക് ഒപ്പം നിന്നു. എസ്.സി എസ്.ടി ആക്ട് ഇട്ടാല്‍ ഡിവൈ.എസ്.പി അന്വേഷണം നടത്തണം. ഇത് ഒഴിവാക്കാനാണ് വകുപ്പ് ഇടാതിരുന്നത്' -കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.
2021 ജൂണ്‍ 30നാണ് ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായാതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടയിരുന്നു. പൊലീസ് അന്വേഷണത്തില്‍ സമീപവാസികൂടിയായ അര്‍ജുന്‍ പിടിയിലായി. വണ്ടിപ്പെരിയാര്‍ സി.ഐ. ആയിരുന്ന ടി.ഡി. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍, പ്രതിക്കെതിരെ ആരോപിച്ച കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പറഞ്ഞത്.