Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വാരിക്കോരി എ പ്ലസ്; മുഖ്യമന്ത്രിക്ക് അതൃപ്തി; സത്യം പറഞ്ഞ വിദ്യാഭ്യാസ ഡയറക്ടർ പുറത്തേക്ക്

11:03 PM Dec 06, 2023 IST | Veekshanam
Advertisement

തിരുവനന്തപുരം: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷയിൽ അക്ഷരമറിയാത്തവർക്കും സ്വന്തം പേരെഴുതിയാൽ പോലും തെറ്റിപ്പോകുന്നവർക്കും  വാരിക്കോരി എ പ്ലസ് കൊടുക്കുന്ന വികല നയത്തിനെതിരെ പ്രതികരിച്ച വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസിനെ മാറ്റാൻ സർക്കാരിൽ ആലോചന. അധ്യാപകർക്ക് വേണ്ടി നടത്തിയ ശിൽപശാലയിൽ വിദ്യാഭ്യാസ ഡയറക്ടർ പരീക്ഷാ മൂല്യനിർണയത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടിയത് സർക്കാരിന് അവമതിപ്പുണ്ടാക്കിയെന്ന് മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ മാറ്റാനൊരുങ്ങുന്നത്. വിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ എങ്ങനെ ചാനലിൽ എത്തിയെന്നത് സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ച സർക്കാർ, അധ്യാപകരിൽ ചിലർ ചോർത്തിക്കൊടുത്തെന്ന നിഗമനത്തിലാണ്. അക്കാര്യം തന്നെയാണ് ഡയറക്ടർ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന് നൽകിയ റിപ്പോർട്ടിലുമുള്ളത്. എന്നാൽ, വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഒരു അപചയത്തെക്കുറിച്ച് അധ്യാപകരോട് സംസാരിക്കുമ്പോൾ പോലും ഇത്തരം പരാമർശങ്ങൾ നടത്താൻ പാടില്ലായിരുന്നുവെന്നും തെറ്റായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് സർക്കാരിനെ അറിയിക്കലായിരുന്നു അഭികാമ്യമെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. എസ്. ഷാനവാസിന്റെ തുറന്നുപറച്ചിൽ സർക്കാരിന്റെ നിലപാടല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചെങ്കിലും ഈ പരാമർശത്തിലൂടെ പൊതുജനങ്ങളിലേക്ക് എത്തുന്ന സന്ദേശം പ്രതിപക്ഷം ആയുധമാക്കുമെന്നും മന്ത്രിയുടെ ഓഫീസ് വിലയിരുത്തുന്നു.
അതേസമയം, സർക്കാരിനെ വിമർശിച്ച വിദ്യാഭ്യാസ ഡയറക്ടർ ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്ന് ഇടതു അധ്യാപക സംഘടനകൾ വിമർശനം ഉന്നയിക്കുന്നു. ഇതിനിടെ, ശബ്ദരേഖ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തുവെന്ന് ആരോപിച്ച് പ്രതിപക്ഷ സംഘടനകളിൽപ്പെട്ട ചില അധ്യാപകരെ ബലിയാടാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
ഉയർന്ന വിജയ ശതമാനം സർക്കാരിന്റെ നേട്ടമാക്കി പ്രചരിപ്പിക്കുന്നതിന് വേണ്ടി സർക്കാരും വിദ്യാഭ്യാസ വകുപ്പും ചെപ്പടിവിദ്യകൾ കാണിക്കുകയാണെന്ന വിദ്യാഭ്യാസ വിദഗ്ധരുടെ വാദത്തിന് ശക്തി പകരുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന ശബ്ദരേഖ.  സ്വന്തം പേര് എഴുതാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുവെന്നായിരുന്നു വിദ്യാഭ്യാസ ഡയറക്ടറുടെ വിമർശനം. പൊതുപരീക്ഷകളിൽ കുട്ടികളെ ജയിപ്പിക്കുന്നതിനെ എതിർക്കുന്നില്ല, പക്ഷെ അമ്പത് ശതമാനം മാർക്കിനപ്പുറം വെറുതെ നൽകരുതെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. പൊതുപരീക്ഷകളിൽ കുട്ടികളെ ജയിപ്പിക്കുന്നതിനെ എതിർക്കുന്നില്ല. 50% വരെ മാർക്കു നൽകാം. 50% മാർക്കിനപ്പുറം വെറുതെ നൽകരുത്. കേരളത്തെ ഇപ്പോൾ കൂട്ടിക്കെട്ടുന്നത് ബിഹാറുമായാണ്. യൂറോപ്പിലെ ഏറ്റവും മികച്ച വിദ്യാഭ്യാസവുമായി താരതമ്യം ചെയ്യുന്നിടത്ത് നിന്നാണ് ഈ അവസ്ഥയിലേക്ക് എത്തിയതെന്നും വിമർശനം ഉണ്ടായിരുന്നു.

Advertisement

Tags :
featuredkerala
Advertisement
Next Article