For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഓണ വരവറിയിച്ച് തൃപ്പൂണിത്തുറയില്‍ വര്‍ണാഭായ അത്തച്ചമയ ഘോഷയാത്ര

03:43 PM Sep 06, 2024 IST | Online Desk
ഓണ വരവറിയിച്ച് തൃപ്പൂണിത്തുറയില്‍ വര്‍ണാഭായ അത്തച്ചമയ ഘോഷയാത്ര
Advertisement

കൊച്ചി: മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിന് തുടക്കം കുറിച്ചുകൊണ്ട് തൃപ്പൂണിത്തുറയില്‍ വര്‍ണാഭായ അത്തച്ചമയ ഘോഷയാത്ര ആരംഭിച്ചു. നാടന്‍ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും അണിനിരന്നുകൊണ്ടുള്ള വര്‍ണ്ണാഭമായ ഘോഷയാത്രയാണ് തൃപ്പൂണിത്തുറയില്‍ നടക്കുന്നത്. തൃപ്പൂണിത്തുറയിലെ അത്തം നഗറില്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ നിലവിളക്ക് കൊളുത്തി അത്തച്ചമയ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. അത്തം നഗറില്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ പതാക ഉയര്‍ന്നതോടെ സംസ്ഥാനത്തെ ഔദ്യോഗിക ഓണാഘോഷ പരിപാടികള്‍ക്കും തുടക്കമായി. ലോക പ്രശസ്തമായ തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങളോടെ കേരള നാട് ഓണാവേശത്തിലേക്ക് കടക്കുകയാണ്.

Advertisement

എള്ളോളമില്ല പൊളിവചനം എന്നു പറയാന്‍ ഇന്ന് മലയാളിക്ക് കഴിയില്ലെന്ന് ഉദ്ഘാടന ചടങ്ങില്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ പറഞ്ഞു. പരസ്പരം പഴിചാരാതെയും കുറ്റപ്പെടുത്താതെയും മുന്നോട്ടു പോകാന്‍ മലയാളിക്ക് കഴിയണം. മത വര്‍ഗീയ ചിന്തകള്‍ ഇല്ലാത്ത നാടാണ് കേരളമെന്നും എഎന്‍ ഷംസീര്‍ പറഞ്ഞു.രാവിലെ മഴ പെയ്‌തെങ്കിലും അത്തച്ചമയ ആഘോഷത്തിന്റെ ആവേശം കുറഞ്ഞില്ല. ഘോഷയാത്ര ആരംഭിക്കുമ്പോള്‍ മഴ മാറി നിന്നതും ആശ്വാസമായി. ബാന്‍ഡ് മേളത്തിന്റെയും ചെണ്ടമേളത്തിന്റെയും ശിങ്കാരി മേളത്തിന്റെയും അകമ്പടിയോടെയാണ് വര്‍ണാഭമായ ഘോഷയാത്ര നടക്കുന്നത്.

സാംസ്‌കാരിക കലാരൂപങ്ങള്‍, വര്‍ണക്കുടകള്‍, പുലിക്കളി, കാവടിയാട്ടം, കരകാട്ടം എന്നിവയെല്ലാം ഘോഷയാത്രയ്ക്ക് നിറം പകര്‍ന്നു. ആയിരകണക്കിന് പേരാണ് തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ഘോഷയാത്രയില്‍ പങ്കെടുക്കാനായി എത്തിയിട്ടുള്ളത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അത്തച്ചമയത്തിന്റെ ഭാഗമായുള്ള ചില പരിപാടികള്‍ വെട്ടിക്കുറച്ചെങ്കിലും ഘോഷയാത്ര അടക്കം ഉള്ള ആചാരങ്ങള്‍ക്ക് മുടക്കമില്ല.

തിരുവോണത്തിന്റെ വരവറിയിച്ചാണ് ഇന്ന് അത്തം പിറന്നത്. അത്തം എത്തിയതോടെ മലയാളികള്‍ ഓരോരുത്തരും ഓണത്തെ വരവേല്‍ക്കാനുളള തിരക്കുകളിലേക്കുളള കടന്നു കഴിഞ്ഞു. അവസാനത്തെ ഓണപരീഷകള്‍ കൂടി തീര്‍ത്താല്‍ കുട്ടികളും ഓണാഘോഷത്തിന്റെ പൂര്‍ണാവേശത്തിലെത്തും. വീട്ടുമുറ്റത്തെ ചെമ്പരത്തിയും പനിനീര്‍പ്പൂവും വിപണിയില്‍ നിന്നെത്തുന്ന പല നിറ പൂക്കളും കൂടിയാകുമ്പോള്‍ പൂക്കളത്തിന് ചന്തമേറെയാണ്.

അത്തം മുതല്‍ പത്തു ദിവസം പ്രാതലിനൊരുക്കുന്ന പഴനുറുക്കിന്റെയും കാച്ചിയ പപ്പടത്തിന്റെയും മണം കൂടിയാണ് ഓണം. മലയാളികളുടെ ആസ്വാദന ശീലവും താത്പര്യങ്ങളും മാറി. എങ്കിലും തനി മലയാളിയാക്കാന്‍ മലയാളി ഒരു ചെറിയ ശ്രമം നടത്തുന്ന സമയം കൂടിയാണ് ഓണക്കാലം.

അതേസമയം, വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റിലെ ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. സെക്രട്ടേറിയറ്റില്‍ ഓണാഘോഷ പരിപാടികള്‍ ഉണ്ടാവില്ല. ജീവനക്കാരുടെ മത്സരങ്ങളും നടത്തില്ലെങ്കിലും എല്ലാ വകുപ്പുകളിലും മത്സരമില്ലാതെ അത്തപ്പൂക്കളം ഇടാന്‍ അനുമതിയുണ്ട്. സെക്രട്ടറിയേറ്റ് എംപ്ലോയ് അസോസിയേഷന്റെ ഓണം സുവനിയറും ഇറക്കുന്നതും നിലവില്‍ പ്രതിസന്ധിയിലാണ്. സംസ്ഥാനത്താകെ ഓണാഘോഷ പരിപാടികളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

Author Image

Online Desk

View all posts

Advertisement

.