മുതിർന്ന സിപിഎം നേതാവ് ശങ്കരയ്യ അന്തരിച്ചു
ചെന്നൈ : സിപിഎം സ്ഥാപക നേതാക്കളിലൊരാളായ എൻ. ശങ്കരയ്യ (102) അന്തരിച്ചു. ഇന്നലെയാണ് പനി ബാധിതനായി ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം.
1964 ൽ സിപിഐ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിവന്ന് സിപിഎം പടുത്തുയർത്തിയ 32പേരിൽ ജീവിച്ചിരിക്കുന്ന രണ്ട് പേരിൽ ഒരാളാണ് എൻ. ശങ്കരയ്യ. 1922 ജൂലൈ 15ന് മധുരയിലായിരുന്നു ശങ്കരയ്യയുടെ ജനനം. അഞ്ചാംക്ലാസുവരെ തൂത്തുക്കുടിയിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് മധുര സെയിൻറ് സ്കൂളിൽ ചേർന്നു. പതിനേഴാം വയസ്സിൽ സിപിഐ അംഗമായി. 1962-ൽ ഇന്ത്യ ചൈന യുദ്ധസമയത്ത് ജയിലിൽ അടയ്ക്കപ്പെട്ട കമ്മ്യൂണിസ്റ്റുകളിൽ ഒരാൾ ശങ്കരയ്യയായിരുന്നു. 1964-ൽ സിപിഐ ജനറൽ സെക്രട്ടറി പിസി ജോഷി മധുരയിൽ വന്നിരുന്നു. അന്ന് സമ്മേളനത്തിൽ ഒരു ലക്ഷം ജനങ്ങളെ പങ്കെടുപ്പിച്ചത് ശങ്കരയ്യയുടെ മിടുക്കായിരുന്നു.
1965-ൽ 17 മാസം ജയിലിൽ കിടന്നു. കയ്യൂർ സഖാക്കളെ തൂക്കിലേറ്റുന്ന സമയത്ത് കണ്ണൂർ ജയിലിൽ തടവുകാരനായി ശങ്കരയ്യയും ഉണ്ടായിരുന്നു. 1967,1977,1980 തിരഞ്ഞെടുപ്പുകളിൽ സിപിഎം അംഗമായി തമിഴ്നാട് നിയമസഭയിലെത്തി. തമിഴ്നാട് നിയമസഭയിൽ ആദ്യമായി തമിഴ് സംസാരിച്ചത് തങ്ങളുടെ കാലത്താണെന്ന് ശങ്കരയ്യ പറയാറുണ്ട്. നിയമസഭയിൽ അന്ന് തമിഴ് സംസാരിക്കാൻ അനുമതിയുണ്ടായിരുന്നില്ല. ഭാര്യ -പരേതയായ നവമണി അമ്മാൾ. സംഘടനാപ്രവർത്തനങ്ങളിൽ സജീവയായിരുന്ന അവർ 2016-ൽ അന്തരിച്ചു. 3 മക്കളുണ്ട്.