സിടിഎംഎയുടെ പുതിയ അധ്യക്ഷനായി വി.സി.പ്രവീൺ
ചെന്നൈ: തമിഴകത്തെ മലയാളി കൂട്ടായ്മയുടെ ശബ്ദമായ കോൺഫെഡറേഷൻ ഓഫ് തമിഴ്നാട് മലയാളി അസോസിയേഷൻസിനെ (സി.ടി.എം.എ.) നയിക്കാൻ ഇനി പുതിയ നേതൃത്വം. മറുനാടൻ മലയാളികളുടെ കലാ സാംസ്‌കാരിക പ്രവർത്തങ്ങൾക്ക് കരുത്ത് പകരാനും, തമിഴ്നാട്ടിലുള്ള 120 മലയാളി സംഘടനകളെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാനും 'ശ്രീഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി'കളുടെ വൈസ് ചെയർമാനും, സംഘടനാ പ്രവർത്തകനുമായ വി.സി.പ്രവീൺ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ ഭരണ സമിതിയിലെ ജനറൽ സെക്രട്ടറി എം.പി.അൻവർ, ട്രഷറർ ആർ.രാധാകൃഷ്ണൻ എന്നിവർ ഇതേ പദവികളിൽ വീണ്ടും തുടരും. ചെന്നൈയിലുള്ള കെ.ടി.ഡി.സി. റെയിൻ ഡ്രോപ്‌സ് ഹോട്ടലിൽ നടന്ന വാർഷിക യോഗത്തിലാണ് പ്രസിഡന്റ്, 24 നിർവാഹക സമിതി അംഗങ്ങൾ, മറ്റു ഭാരവാഹികൾ എന്നിവരെ തിരഞ്ഞെടുത്തത്.
തമിഴ്നാട്ടിലുടനീളം സിടിഎംഎയെ വലിയ ശക്തിയാക്കുന്നതിന് പരിശ്രമിക്കുമെന്ന് സംഘടനയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട വി.സി.പ്രവീൺ പറഞ്ഞു. എല്ലാ മലയാളികൾക്കും ഗുണകരമാകുംവിധമുള്ള പദ്ധതികൾ നടപ്പാക്കും. സംഘടനയിലേക്ക് പുതിയ തലമുറയും സജീവമാകേണ്ടതുണ്ട്. അതിനാൽ ഭാവിയിലെ കാര്യങ്ങൾ കൂടി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.