ബംഗാളിലെപ്പോലെ കേരളത്തില്‍ സി.പി.എം തകരുന്നതിനെ ഇഷ്ടപ്പെടുന്നില്ലെന്ന് വി.ഡി. സതീശന്‍
കൊച്ചി: ബംഗാളിലെപ്പോലെ കേരളത്തില്‍ സി.പി.എം തകരുന്നതിനെ ഇഷ്ടപ്പെടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കൊച്ചിയില്‍ പറഞ്ഞു. സി.പി.എം അതിന്റെ ഏറ്റവും വലിയ ജീര്‍ണതയിലേക്ക് പോകുകയാണ്. ബംഗാളില്‍ അവസാന കാലത്തുണ്ടായ ദുരന്തത്തിലേക്കാണ് കേരള സി.പി.എം പോകുന്നത്. പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തിലെ പാര്‍ട്ടിയെ കുഴിച്ചു മൂടുകയാണ്. അതിനോട് പ്രതിപക്ഷത്തിന് താല്‍പര്യമില്ല. ജനങ്ങളെ പരിഹസിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സതീശന്‍ പറഞ്ഞു.ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ എന്തെങ്കിലും വെളിപ്പെടുത്തുമോ എന്ന് മുഖ്യമന്ത്രിക്ക് ഭയമാണ്. പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കാത്തത് ഇതുകൊണ്ടാണ്.
ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടായിട്ടും ഗൗരവത്തോടെ അന്വേഷിക്കാതെ, പ്രഹസനം നടത്തുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ആരോപണ വിധേയരായ ഉപജാപകസംഘത്തിന്റെ ചൊല്‍പ്പടിയിലാണ് അദ്ദേഹം കഴിയുന്നത്. പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയേയും എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനേയും നിലനിര്‍ത്തിക്കൊണ്ടുള്ള അന്വേഷണമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ബാക്കിയെല്ലാവരും ആരോപണ വിധേയനേക്കാളും ജൂനിയര്‍ ഓഫിസര്‍മാരാണ്. എസ്.പിക്കെതിരായി അന്വേഷണം വന്നാല്‍ എസ്.ഐയാണോ അന്വേഷിക്കുകയെന്നും സതീശന്‍ ചോദിച്ചു.പത്തനംതിട്ട മുന്‍ എസ്.പി സുജിത്ദാസും പി.വി. അന്‍വര്‍ എം.എല്‍.എയും തമ്മിലുള്ള ഫോണ്‍സംഭാഷണം കേരളത്തെ ഞെട്ടിച്ചു. എസ്.പി എം.എല്‍.എയുടെ കാലു പിടിക്കുകയാണ്.
മൂന്ന് എസ്.പിമാരെക്കുറിച്ച് അസംബന്ധം പറഞ്ഞു. അയാള്‍ ഇന്നും സര്‍വീസില്‍ ഇരിക്കുകയാണ്. പൊലീസിനെ ഇതുപോലെ നാണം കെടുത്തിയ കാലം വേറെയുണ്ടായിട്ടില്ല. ആഭ്യന്തര വകുപ്പിന്റെ ചുമതല പിണറായി വിജയന്‍ കൈകാര്യം ചെയ്യുമ്പോള്‍, കേരളത്തിലെ പൊലീസ് സേന ജനങ്ങളുടെ മുമ്പില്‍ നാണം കെടുകയാണ്. ഏതെങ്കിലും കാലത്ത് പൊലീസിന്റെ തലപ്പത്തിരിക്കുന്നവരെക്കുറിച്ച് സ്വര്‍ണം കള്ളക്കടത്ത്, കൊലപാതകം തുടങ്ങിയ ആരോപണങ്ങള്‍ കേട്ടിട്ടുണ്ടോ.എയര്‍പോര്‍ട്ടില്‍ കസ്റ്റംസിന്റെ ഏരിയയില്‍ നിന്നും സ്വര്‍ണം പിടിച്ചിട്ട് ഒരു കേന്ദ്രത്തില്‍ പോയി അതില്‍ നിന്നും അടിച്ചു മാറ്റുന്നു. കുറച്ചു സ്വര്‍ണം മാത്രം കാണിച്ച് അതിന്മേല്‍ കേസെടുക്കുന്നു. എന്തൊരു ആരോപണമാണിത്.
എസ്.പിയുടെ നേതൃത്വത്തില്‍, എ.ഡി.ജി.പിയുടെ അറിവോടെ, പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ പിന്തുണയോടു കൂടി സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിനും ഗുണ്ടാ സംഘത്തിനും പിന്തുണ കൊടുക്കുന്നു തുടങ്ങിയ ആരോപണങ്ങളല്ലേ ഉയര്‍ന്നത്. ഭരണകക്ഷി എം.എല്‍.എ ആരോപണം ഉന്നയിച്ചത് തെറ്റാണെങ്കില്‍ അയാള്‍ക്കെതിരെ നടപടി എടുക്കേണ്ടതല്ലേ. അതിനര്‍ത്ഥം ആരോപണം ശരിയാണെന്നു തന്നെയാണ്. ആരോപണ വിധേയരെ നിലനിര്‍ത്തിയാണോ അന്വേഷണം നടത്തേണ്ടത്?. ആരെയാണ് കളിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.