മന്ത്രി വീണ ജോര്‍ജിന് യാത്രാനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ വിമര്‍ശനവുമായി വി ഡി സതീശന്‍
നെടുമ്പാശേരി: തീപിടിത്തത്തില്‍ 24 മലയാളികള്‍ മരിച്ച കുവൈത്തിലേക്ക് ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് യാത്രാനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. കേന്ദ്ര സര്‍ക്കാറിന്റെ നടപടി ദൗര്‍ഭാഗ്യകരമെന്നും യോജിക്കാന്‍ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശ രാജ്യങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ കേന്ദ്ര, സംസ്ഥാന പ്രതിനിധികള്‍ അവിടെ ഉണ്ടാവുക എന്നത് പ്രധാന കാര്യമാണ്. കേന്ദ്ര സര്‍ക്കാറിന്റെ പ്രതിനിധി നേരത്തെ കുവൈത്തിലേക്ക് പോയിരുന്നു. സംസ്ഥാന പ്രതിനിധിയുണ്ടെങ്കില്‍ മലയാളി സംഘടനകളെ ഏകോപിപ്പിച്ച് കുറേകൂടി കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചേനെ. സംസ്ഥാന പ്രതിനിധി പോകാന്‍ തീരുമാനിച്ചപ്പോള്‍ ഒരു മണിക്കൂറിനകം പൊളിറ്റിക്കല്‍ ക്ലീയറന്‍സ് നല്‍കേണ്ടതായിരുന്നുവെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തീപിടിത്തത്തില്‍ മലയാളികളുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ സംസ്ഥാന പ്രതിനിധിയായി കുവൈത്തിലേക്ക് അയക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചത്. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സയും മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതും അടക്കമുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.
മന്ത്രിക്കൊപ്പം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍.എച്ച്.എം) ജീവന്‍ ബാബുവും പോകാന്‍ നിര്‍ദേശിച്ചു. എന്നാല്‍, മന്ത്രിക്ക് യാത്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ സമീപിച്ചെങ്കിലും ഇന്നലെ രാത്രി പത്തര വരെ പൊളിറ്റിക്കല്‍ ക്ലീയറന്‍സ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയില്ല. ഇതേ തുടര്‍ന്ന് മന്ത്രി വീണ ജോര്‍ജ് യാത്ര ഉപേക്ഷിക്കുകയായിരുന്നു.