For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സി.പി.എമ്മിന്റെ കപട മതേതര മുഖംമൂടി അഴിഞ്ഞു വീണെന്ന് വി ഡി സതീശന്‍

04:33 PM Sep 10, 2024 IST | Online Desk
സി പി എമ്മിന്റെ കപട മതേതര മുഖംമൂടി അഴിഞ്ഞു വീണെന്ന് വി ഡി സതീശന്‍
Advertisement

തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ ഷോട്ടും ആര്‍.എസ്.എസ് ബന്ധവും പൂരം കലക്കിയതും പുറത്തു വന്നതോടെ സി.പി.എമ്മിന്റെ കപട മതേതര മുഖംമൂടി അഴിഞ്ഞു വീണുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉപജാപകസംഘം പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവും സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ അവിശുദ്ധ ബാന്ധവമുണ്ടെന്നും സി.പി.എമ്മിനെ ജീര്‍ണത ബാധിച്ചിരിക്കുകയാണെന്നുമുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞുവെന്നും ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനം അദ്ദേഹം പറഞ്ഞു.

Advertisement

ഉപജാപക സംഘത്തില്‍ ഉള്‍പ്പെട്ടവരുടെ പേരുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇനിയും കൂടുതല്‍ പേരുകള്‍ പുറത്തു വരും. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചതും ആര്‍.എസ്.എസ് നേതാവിനെ എ.ഡി.ജി.പി സന്ദര്‍ശിച്ച് മുഖ്യമന്ത്രിയുടെ സന്ദേശം കൈമാറിയതും തൃശൂര്‍ പൂരം കലക്കിയതും പുറത്തു വന്നതോടെ സി.പി.എമ്മിന്റെ കപട മതേതര മുഖംമൂടിയാണ് അഴിഞ്ഞു വീണിരിക്കുന്നത്.

മതപരമായ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് കാഫീര്‍ വിവാദത്തിലൂടെ സി.പി.എം ശ്രമിച്ചത്. ബി.ജെ.പിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സഹായിക്കാമെന്ന സന്ദേശമാണ് എ.ഡി.ജി.പി വഴി മുഖ്യമന്ത്രി ആര്‍.എസ്.എസിന് കൈമാറിയത്. ഇതിന്റെ തുടര്‍ച്ചയായി ബി.ജെ.പിക്ക് കളമൊരുക്കുന്നതിന് വേണ്ടിയാണ് പൂരം കലക്കിയത്. വിശ്വാസത്തെയും ആചാരാനുഷ്ടാനങ്ങളെയും കുറിച്ച് പറഞ്ഞ ബി.ജെ.പിയാണ് ഉത്സവം കലക്കിയത്. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും കപട നിലപാടുകള്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ്.

പത്തു ദിവസമായി ഒരു ഭരണകക്ഷി എം.എല്‍.എ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും വെല്ലുവിളിക്കുകയാണ്. എന്നിട്ടും മിണ്ടുന്നില്ല. പഴയ സി.പി.എം ആയിരുന്നെങ്കില്‍ ഇങ്ങനെയാണോ പറയുന്നത് തെറ്റാണെന്നു പറയാന്‍ പോലും പറ്റുന്നില്ല. അതാണ് സി.പി.എമ്മിലെ ജീര്‍ണതയുടെ ഏറ്റവും വലിയ അടയാളം.സ്വര്‍ണക്കള്ളക്കടത്തും കൊടകര കുഴല്‍പ്പണ കേസും ആവിയായതു പോലെ ഇപ്പോഴത്തെ ആരോപണങ്ങളിലെ അന്വേഷണങ്ങളും ആവിയായി പോയാല്‍ പ്രതിപക്ഷ അതിനെ നിയമപരമായി നേരിടും. ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്വര്‍ണക്കള്ളക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രണ്ടു തവണ ജയിലിലായി.

സ്വര്‍ണക്കള്ളക്കടത്തിന് പുറമെ സ്വര്‍ണം പൊട്ടിക്കലും കൊലപാതകങ്ങളും കൈക്കൂലിയും അഴിമതിയും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്നിരിക്കുന്നത്. എന്നിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. മുഖ്യമന്ത്രിയോട് ഒരു ചോദ്യം ചോദിക്കാന്‍ പോലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നില്ല. മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളങ്ങളില്‍ ഒളിക്കുകയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Tags :
Author Image

Online Desk

View all posts

Advertisement

.