മുഖ്യമന്ത്രിയുടെ ഇടതും വലതും നടക്കുന്നവര്‍ ക്രിമിനലുകളെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഇടതും വലതും നടക്കുന്നവര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാത്ത ക്രിമിനലുകളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഇടതും വലതും നടക്കുന്ന ഗണ്‍മാന്‍മാരാണ് ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു നേതാക്കളെ ക്രൂരമായി മര്‍ദിച്ചത്. ഇത് സംബന്ധിച്ചാണ് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മര്‍ദിക്കാന്‍ അവര്‍ക്ക് എന്ത് അവകാശമാണുള്ളത് മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയതിനു ശേഷം ലോക്കല്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ള കരിങ്കൊടി കാട്ടിയ രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ ആക്രമിച്ചതെന്നും നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വി.ഡി സതീശന്‍ പറഞ്ഞു.
പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് കോടതി ഉത്തരവിലാണ് പൊലീസ് എഫ്.ഐ.ആര്‍ ഇട്ടത്. എന്നിട്ടും ഗണ്‍മാന്‍മാര്‍ സ്റ്റേഷനില്‍ ഹാജരായില്ല. മുഖ്യമന്ത്രിയുടെ ഇടതും വലതും നടക്കുന്നവര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാത്ത ക്രിമിനലുകളായി നടക്കുകയാണ്. സമീപകാലത്ത് നടന്ന സംഭവം അല്ലെന്നു പറഞ്ഞാണ് സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചത്. സംഭവം ഇപ്പോഴും നില്‍ക്കുകയാണ്.
കോടതിയെയും നിയമത്തെയും പൊലീസിനെയും അനുസരിക്കുന്നില്ലെന്നതാണ് പ്രതിപക്ഷം അടിയന്തിര പ്രമേയ നോട്ടീസിലൂടെ ചൂണ്ടിക്കാട്ടിയത്. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ഹാജരാകാന്‍ സൗകര്യമില്ലെന്നു പറയുന്നത് അന്യായമാണ്. ഇങ്ങനെയെങ്കില്‍ കേരളത്തില്‍ നീതിന്യായ വ്യവസ്ഥ എങ്ങനെയാണ് നടപ്പാക്കുന്നത്. ഇത് എങ്ങനെയാണ് സമീപകാല സംഭവമല്ലാതാകുന്നത്.
നവകേരള സദസുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണ്. കല്യാശേരിയില്‍ ചെടിച്ചട്ടിയും കമ്പിവടിയും ഹെല്‍മറ്റും കൊണ്ട് ക്രൂരമായാണ് ഞങ്ങളുടെ കുട്ടികളെ ആക്രമിച്ചത്. പൊലീസ് വധശ്രമത്തിന് എഫ്.ഐ.ആര്‍ ഇട്ട സംഭവത്തിലാണ് രക്ഷാപ്രവര്‍ത്തനവും മാതൃകാപ്രവര്‍ത്തനവുമാണെന്നും ഇനിയും തുടരണമെന്നും പറഞ്ഞ് മുഖ്യമന്ത്രി കലാപത്തിന് ആഹ്വാനം നല്‍കിയത്. മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കിയായിരുന്നു കേസെടുക്കേണ്ടിയിരുന്നത്.
കേരളത്തിലാകെ നടന്ന അക്രമസംഭവങ്ങളുടെ മുഴുവന്‍ ഉത്തരവാദി മുഖ്യമന്ത്രിയാണ്. പെണ്‍കുട്ടികളെ ആക്രമിക്കുകയും മുടിയില്‍ ചവിട്ടിപ്പിടിക്കുകയും ചെയ്ത സംഭവങ്ങള്‍ ഉള്‍പ്പെടെ ഞങ്ങളുടെ കുട്ടികളെ മര്‍ദ്ദിച്ച ഗണ്‍മാന്‍മാര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ എല്ലാത്തരത്തിലുള്ള നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ്. ഫ്ളോറിഡയില്‍ കറുത്തവര്‍ഗക്കാരനെ കൊലപ്പെടുത്തിയത് പോലെ കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഡെപ്യൂട്ടി കമീഷണര്‍ ഉള്‍പ്പെടെയുള്ള ഒരാളെയും വെറുതെ വിടില്ല. ക്രിമിനല്‍ പ്രവര്‍ത്തി ചെയ്ത എല്ലാ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നിയമപരമായ നടപടികളുമായി പിന്നാലെയുണ്ടാകും. സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞപ്പോള്‍ ഗണ്‍മാന്‍മാര്‍ പോയി പണിനോക്കാന്‍ പറഞ്ഞ് പൊലീസിനെ പുച്ഛിക്കുകയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു