കേരളത്തെയും മലയാളികളെയും ആക്ഷേപിച്ച് കേന്ദ്രമന്ത്രി ശോഭ കരന്ദലജെ, പരസ്യമായി മാപ്പ് പറയണമെന്ന് വി.ഡി സതീശന്‍
തിരുവനന്തപുരം: കേരളത്തിനും തമിഴ്‌നാടിനും എതിരെ വിദ്വേഷ പരാമർശവുമായി കേന്ദ്രമന്ത്രിയും ബെംഗളൂരു നോർത്ത് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയുമായ ശോഭ കരന്ദലജെ. തമിഴ്‌നാട്ടുകാര്‍ ബെംഗളൂരുവിലെത്തി സ്‌ഫോടനങ്ങള്‍ നടത്തുന്നുവെന്നും, കേരളത്തിലെ ആളുകള്‍ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നുവെന്നും ശോഭ കരന്ദലജെ ആരോപിച്ചു. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്.
കേരളത്തെയും മലയാളികളെയും ആക്ഷേപിച്ചുള്ള പരാമര്‍ശം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയാന്‍ കേന്ദ്ര മന്ത്രി ശോഭ കരന്ദലജെ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. കേരളത്തിന് എതിരായ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാന്‍ തയാറായില്ലെങ്കില്‍ കോണ്‍ഗ്രസും യു.ഡി.എഫും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമനടപടികളെ കുറിച്ച് ആലോചിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
വെറുപ്പും വിദ്വേഷവും സമൂഹത്തില്‍ കലര്‍ത്തി ജാതീയവും വംശീയവുമായി ജനങ്ങളെ വേര്‍തിരിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുകയെന്ന ബി.ജെ.പിയുടെ പതിവ് രീതിയാണ് ശോഭ കരന്ദലജെയുടെ പ്രസ്താവനയും. ഇത്തരം പരാമര്‍ശങ്ങളിലൂടെ മതസൗഹാര്‍ദ്ദം ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തിൽ നിന്ന് ആളുകളെത്തി കർണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയാണെന്നും തമിഴ്നാട്ടുകാർ ബോംബുണ്ടാക്കാൻ പരിശീലനം നേടി ബംഗളൂരുവിലെത്തി സ്ഫോടനം നടത്തുകയാണെന്നുമാണ് ശോഭ കരന്ദലജെ പറഞ്ഞത്.