പിണറായി കസവുകെട്ടിയ പേടിത്തൊണ്ടന്‍; മോദിയെ വിമര്‍ശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു: വി ഡി സതീശൻ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മും അവരുടെ മുഖ്യശത്രുവായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കുകയും ബി.ജെ.പി ചെയ്യുന്നതിനേക്കാള്‍ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 2019- ലെ തിരഞ്ഞെടുപ്പിലും ഇന്നലെ മുഖ്യമന്ത്രി പറയാതെ വച്ച വാക്ക് ഉപയോഗിച്ച് ദേശാഭിമാനി എഡിറ്റോറിയല്‍ എഴുതിയിരുന്നു. വ്യവസായ മന്ത്രി പി. രാജീവായിരുന്നു ദേശാഭിമാനി എഡിറ്റര്‍. പ്രതിഷേധം ശക്തമായതോടെ മാപ്പ് പറഞ്ഞ് തടിയൂരിയ ആളാണ് ഇന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായി ഇരുന്ന് പ്രസംഗം എഴുതിക്കൊടുക്കുന്നത്. ബി.ജെ.പി ഭയത്തിലാണ് മുഖ്യമന്ത്രി ജീവിക്കുന്നത്. ബി.ജെ.പിയെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ 35 ദിവസമായി ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്. മോദിയെ വിമര്‍ശിക്കാതിരിക്കാനുള്ള വഴികളാണ് മുഖ്യമന്ത്രി ആലോചിക്കുന്നത്.
2022-ലെ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ദേശീയ നേതാക്കളെല്ലാം ബി.ജെ.പിയെയും മോദിയെയും രൂക്ഷമായി വിമര്‍ശിച്ചിട്ടും അതിന് തയാറാകാത്ത ഏക സി.പി.എം നേതാവായിരുന്നു പിണറായി വിജയന്‍. കസവുകെട്ടിയ പേടിത്തൊണ്ടനാണ് മുഖ്യമന്ത്രി. വലിയ കൊമ്പത്തെ ആളാണെങ്കിലും മനസ് നിറയെ പേടിയാണ്. വടകരയില്‍ നിരവധി പേര്‍ക്കെതിരെയാണ് കേസെടുക്കുന്നത്. വടകരയിലെ ഇടതു സ്ഥാനാര്‍ത്ഥിക്കെതിരെ എന്ത് ആക്ഷേപമാണ് ഉന്നയിച്ചതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഒരു പോസ്റ്റും കാണാനില്ല. അതേസമയം മോദി ഇലക്ടറല്‍ ബോണ്ടില്‍ അഴിമതി കാട്ടിയെന്ന് പോസ്റ്റിട്ടയാള്‍ക്കെതിരെ കേസെടുത്തു. മോദിയുടെ സത്‌പേരിന് കളങ്കം ചാര്‍ത്തിയെന്നാണ് കേസ്. മോദിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെയും കേസെടുത്തു. മോദിയെ കേരളത്തില്‍ വിമര്‍ശിക്കാന്‍ പാടില്ലെന്നതാണ് പിണറായി സര്‍ക്കാരിന്റെ നിലപാട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ഇല്ലാത്ത നടപടിയാണ് ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പ്രതിപക്ഷ നേതാവ് നല്‍കിയ പത്ത് പരാതികളിലും ഇതുവരെ കേസെടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ പോസ്റ്റിന് താഴെ മരിച്ചു പോയ എന്റെ മാതാപിതാക്കളെ അപമാനിച്ചുള്ള കമന്റിലും ഒരു കേസും എടുത്തിട്ടില്ല. മോദിക്കെതിരെ ആരോപണം പോലും ഉന്നയിക്കാന്‍ സാധിക്കാത്ത സംസ്ഥാനമാക്കി പിണറായി വിജയന്‍ കേരളത്തെ മാറ്റിയിരിക്കുകയാണ്. ഭയന്നാണ് പിണറായി വിജയന്‍ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.