VEEKSHANAM FARM NEWS
കൃഷി ആദായകരമായ തൊഴിലും നിക്ഷേപവുമാക്കാനുള്ള നിർദേശങ്ങളുമായി പുതിയ പംക്തി ആരംഭിക്കുന്നു, വീക്ഷണം ഓൺലൈൻ എഡിഷനിൽ. ( കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ.സാബിൻ ജോർജ് എഴുതുന്നു, വീക്ഷണം കാർഷികം ഡിവിഷനിൽ.
കേരളത്തിന് കൃഷി വേണ്ടെങ്കിലും കൃഷിക്ക് കേരളത്തെ വേണം
ജൈവവൈവിധ്യത്തിനൊപ്പം കാർഷിവൈവിധ്യത്താലും അനുഗ്രഹിക്കപ്പെട്ട കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിലും വീട്ടുവളപ്പിലുമായി വളർത്തപ്പെടുന്ന കാർഷികവിളകളുടെ എണ്ണമെത്രയെന്ന് കണ്ടെത്താൻ അന്വേഷണവും പഠനവും നടത്തി ഗവേഷണപ്രബന്ധമായി 2022-ൽ പ്രസിദ്ധീകരിച്ചത് കേരള സംസ്ഥാന ജൈവവൈവിധ്യബോർഡ് ചെയർമാനും കാർഷിക സർവകലാശാല റിട്ടയേർഡ് പ്രഫസറുമായ ഡോ.സി.ജോർജ് തോമസാണ്. തൻ്റെ പഠനത്തിൽനിന്നും സമാഹരിച്ച വിവരങ്ങളിൽ അതിശയപ്പെടുത്തുന്നതായി അദ്ദേഹം രേഖപ്പെടുത്തുന്നത് 82 സസ്യകുടുംബങ്ങളിൽ ഉൾപ്പെടുന്ന 452 വിളകൾ ഏറിയും കുറഞ്ഞുമായി കൃഷി ചെയ്യുന്ന നമ്മുടെ വിളവൈവിധ്യത്തേക്കുറിച്ചും പുത്തൻ പഴങ്ങളും പച്ചക്കറികളും പലനാടുകളിൽ നിന്നു കൊണ്ടുവന്നു വളർത്തുന്ന പ്രവണതയുയെക്കുറിച്ചുമായിരുന്നു.
452 വിളകൾ ,256 എണ്ണം ഭക്ഷ്യയോഗ്യം
………………………………………..
കേരളത്തിലെ കാർഷികവിളകളെ എണ്ണിയെടുത്തതിനുശേഷം അവയുടെ പ്രാഥമിക ഉപയോഗത്തിൻ്റെ അടിസ്ഥാനത്തിൽ തരം തിരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഓരോ വിളകൾക്കും ഉപയോഗങ്ങൾ പലതുണ്ടാകുമല്ലോ? പ്രഥമവും പ്രധാനവുമായ ഉപയോഗമനുസരിച്ച് 452 വിളകളിൽ ഭക്ഷ്യയോഗ്യമായവ 256 എണ്ണമാണെന്ന് പ്രബന്ധം പറയുന്നു. കേരളത്തിൽ വളർത്തപ്പെടുന്ന വിളകളുടെ ഓരോ വിഭാഗത്തിലുംവരുന്ന നാടനും വിദേശിയുമടക്കമുള്ള ഇനങ്ങളുടെഎണ്ണം താഴെ പറയുന്നവിധമാണ്.
ധാന്യങ്ങൾ, ചെറുധാന്യങ്ങൾ - 11
പുല്ലിൻ്റെ കുടുംബമല്ലാത്ത ധാന്യങ്ങൾ - 4
പഴവർഗങ്ങൾ, നട്‌സ് - 118
പച്ചക്കറികൾ - 73
പയർവർഗങ്ങൾ - 10
എണ്ണക്കുരുക്കൾ - 8
കിഴങ്ങുവിളകൾ - 24
സ്റ്റാർച്ച് മധുര വിളകൾ - 8
സുഗന്ധവിളകൾ - 21
പാനീയവിളകൾ - 5
ഉത്തേജകങ്ങൾ - 3
അലങ്കാരഇലകൾ - 14
മുറിച്ചുപയോഗിക്കുന്ന പൂക്കൾ - 20
പച്ചിലവളവിളകൾ - 10
ആവരണവിളകൾ - 14
തീറ്റപ്പുല്ലിനങ്ങൾ - 42
നാര് വിളകൾ - 6
റബ്ബർ - 1
അവശ്യതൈലവിളകൾ - 7
സാധാരണ വളർത്തുന്ന ഔഷധച്ചെടികൾ- 45
പലവകഉപയോഗവിളകൾ - 18
കച്ചവടകൃഷിയല്ല, പുരയിടത്തിലെ പരിപാലനം
……………………………..
വിളകളേറെയുണ്ടെങ്കിലും വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിലേക്ക് വ്യാപിക്കപ്പെട്ട വിളകൾ പരിമിതമാണെന്ന് പഠനം പറയുന്നു. സ്ഥിതിവിവരകണക്കുകളനുസരിച്ച് കേരളത്തിൽ ഒരു ലക്ഷം ഹെക്ടറിലധികം കൃഷി ചെയ്യുന്ന വിളകൾ നാലെണ്ണം മാത്രമാണ്.തെങ്ങ്, റബ്ബർ, നെല്ല്, വാഴ എന്നിവയാണ് ഈ ലിസ്റ്റിലെ ആദ്യത്തെ നാലുസ്ഥാനക്കാർ.ഇതിൽ തെങ്ങും റബ്ബറും കൃഷിഭൂമിയുടെ മുന്നിൽ രണ്ടും കയ്യടക്കിയിരിക്കുന്നു. പതിനായിരം ഹെക്ടറിലധികം വിതയ്ക്കപ്പെടുന്ന വിളകൾ മേൽപ്പറഞ്ഞവ ഉൾപ്പെടെ 17 എണ്ണമാണ്. 5000 ഹെക്ടറിലധികം വിസ്തീർണ്ണത്തിൽ കൃഷി ചെയ്യപ്പെടുന്ന വിളകൾ കൂടി കണക്കാക്കിയാൽ അഞ്ചു വിളകൾ കൂടെ ചേർന്ന് എണ്ണം 22 ആകും
കേരളത്തിൻ്റെ തനതായ വീട്ടുവളപ്പിലെ കൃഷിയെന്ന രീതിയിലാണ് ബഹുഭൂരിപക്ഷവും പരിപാലിക്കപ്പെടുന്നത്. കൃഷിഭൂമിയുടെ വിസ്തൃതിയുസരിച്ച് കേരളത്തിലെ 22 പ്രധാനവിളകൾ റാങ്കടിസ്ഥാനത്തിൽ താഴെ പറയുന്നവയാണ്.
തെങ്ങ്
റബ്ബർ
നെല്ല്
വാഴ
കമുക്
പ്ലാവ്
കാപ്പി
കുരുമുളക്
മാവ്
മരച്ചീനി
കശുമാവ്
ഏലം
തേയില
ജാതി
പപ്പായ
മുരിങ്ങ
കൊക്കോ
18. വാളൻപുളി
19. കൈതച്ചക്ക
20. ചേമ്പ്
21. ചേന
22. പച്ചപ്പയർ
ഭൂപ്രകൃതിയിലെ വൈവിധ്യവും കാലാവസ്ഥയുടെ പ്രത്യേകതയും പ്രകൃതിവിഭവങ്ങളുടെ സമൃദ്ധിയുമൊക്കെ വരദാനമായി ലഭിച്ച നാടാണ് കേരളം.കേരം തിങ്ങിയ കേരളനാട്ടിലെ നെൽകൃഷി ഏറെ പ്രസിദ്ധമായിരുന്നു. സുഗന്ധവ്യഞ്ജനങ്ങളുടെ സൗരഭ്യം തേടി വന്നവർ ഏറെയായിരുന്നല്ലോ? മറ്റു നാടുകളുമായി മലയാളിയോളം ബന്ധം പുലർത്താൻ കഴിവുള്ളവർ വേറെയില്ലായിരുന്നു, പണ്ടും ഇന്നും. ഈ ബാന്ധവവും കാർഷികവിളകളുടെ വരവിനു കാരണമായിട്ടുണ്ട്. പുതിയ വിളകൾ പരീക്ഷിക്കാനാള്ള മലയാളിയുടെ ഇന്നും തുടരുന്ന വ്യക്തിപരമായ അഭിനിവേശവും വിളവൈവിധ്യത്തിനുള്ള കാരണങ്ങളിലൊന്നായി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നുണ്ട്. തുണ്ടുതുണ്ടായി മാറിയ കൃഷിയിടങ്ങളിൽ പലവിളകൾ തനിനിറച്ച് നട്ട് വരുമാനം കൂട്ടാനും വീട്ടിലേക്കുള്ള വൈവിധ്യമാർന്ന പഴങ്ങളും പച്ചക്കറികളും മറ്റു ഉത്പന്നങ്ങളും വിളയിക്കാനുള്ള തന്ത്രമാണ് മലയാളി ഇപ്പോൾ അനുവർത്തിക്കുന്നതെന്നതും പലവിളകൾ പരീക്ഷിക്കാൻ കാരണമായിട്ടുണ്ട്. ആർദ്രഉഷ്ണമേഖലയിൽപെടുന്ന കേരളത്തിലെ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും ഉഷ്ണമേഖലയിൽ വളരുന്ന വിളകളാണ് കൃഷി ചെയ്യപ്പെടുന്നത്. എന്നാൽ തണുപ്പുള്ള ഹൈറേഞ്ച് മേഖലകൾ ശീതകാലാവസ്ഥയിൽ വളരുന്ന വിളകൾക്കും സാധ്യത നൽകുന്നു. ആപ്പിൾ, പീച്ച്, പ്ലം, സ്ട്രോബറി എന്നിവയൊക്കെ വിളയുന്ന ഇടുക്കിയിലെ കാന്തല്ലൂരും വട്ടവടയും ഉദാഹരണങ്ങൾ. എന്തായാലും മണ്ണും മഴയും വെയിലും കനിഞ്ഞനുഗ്രഹിച്ചതിനാൽ കാർഷികവൈവിധ്യത്തിൻ്റെ നാടെന്ന പുകഴും കേരളത്തിനു ചേരും. തന്നതുകാർഷിക വിള വൈവിധ്യം കാത്തു സൂക്ഷിക്കാനും പരിസ്ഥിതിയെ പരിപാലിക്കാനും തണ്ണീർത്തടങ്ങൾ സംരക്ഷിക്കാനും കാലാവസ്ഥ വ്യതിയാനത്തിൻ്റെ കാലത്ത് ഭക്ഷ്യ സുരക്ഷ ഒരു പരിധി വരെയെങ്കിലും ഉറപ്പാക്കാനും കേരളം കൃഷി തുടരുക തന്നെ വേണം. കേരളത്തിൻ്റെ പ്രത്യേക സാമൂഹിക സാമ്പത്തിക സ്ഥിതി പരിഗണിച്ച് കേരള മോഡലിലാവണം കൃഷിയെ പ്രോത്സാഹിപ്പിക്കേണ്ടതെന്നതാണ് ഓർക്കേണ്ടത്.