Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വീണ തൽക്കാലം രക്ഷപ്പെട്ടു: അറസ്റ്റ് തടഞ്ഞു, വിധി പിന്നീട്, അന്വേഷണം തുടരാമെന്ന് കർണാടക ഹൈക്കോടതി

07:19 PM Feb 12, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി പിന്നീട്. അന്വേഷണത്തിൽ ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന ആവശ്യം കർണാടക ഹൈക്കോടതി തള്ളി. അതുവരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ കോടതി തടഞ്ഞത് വീണാ വിജയന് താൽക്കാലിക ആശ്വാസമായി. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിധി പറയുന്നതു വരെ എക്സാലോജിക്കിനെതിരെ കടുത്ത നടപടി പാടില്ലെന്ന് കോടതി എസ്എഫ്ഐഒയ്‌ക്ക് നിർദ്ദേശം നൽകി. അതേസമയം, അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ വിലക്കിയെങ്കിലും, അന്വേഷണവുമായി മുന്നോട്ടു പോകുന്നതിന് തടസമില്ലെന്ന് കോടതി വ്യക്തമാക്കിയത് മുഖ്യമന്ത്രിയുടെ മകൾക്ക് തിരിച്ചടിയായി.  എസ്എഫ്ഐഒ ആവശ്യപ്പെടുന്ന എല്ലാ രേഖകളും എക്സാലോജിക് ഹാജരാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. എസ്എഫ്ഐഒ നോട്ടിസിന് വീണാ വിജയൻ മറുപടി നൽകണമെന്നും നിർദ്ദേശമുണ്ട്.
ഹർജിയിൽ വിശദമായ വാദം കേട്ട ശേഷമാണ്, വിധി പറയാനായി മാറ്റിയത്. അതേസമയം, എന്നത്തേക്കു വിധി പറയുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. അന്വേഷണവുമായി മുന്നോട്ടു പോകുന്നതിനു തടസമില്ലെങ്കിലും, അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ വിധി പറയുന്നതുവരെ പാടില്ലെന്ന് എസ്എഫ്ഐഒയ്‌ക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറലിനോടു കോടതി വാക്കാൽ നിർദ്ദേശിച്ചു. അത്തരം നടപടികൾ ഉണ്ടാകില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.
എസ്എഫ്‌ഐഒ അന്വേഷണം നിലനില്‍ക്കില്ലെന്ന് എക്‌സാലോജിക്ക് കോടതിയില്‍ അവകാശപ്പെട്ടു. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം തുടരുകയാണ്. അതു തുടരാമെന്നും സിഎംആര്‍എല്ലുമായി ഇടപാടിലെ ആരോപണത്തിനു മറുപടി നല്‍കിയിട്ടുണ്ടെന്നും എക്‌സാലോജിക് അറിയിച്ചു. അതോടെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം എന്തായെന്നു കോടതി ചോദിച്ചപ്പോള്‍ അന്വേഷണ പുരോഗതി അറിയില്ലെന്ന് എക്‌സാലോജിക്കിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു.
കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍നിന്ന് എക്‌സാലോജിക് സൊലൂഷന്‍സ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷണം. എസ്എഫ്‌ഐഒ, കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് വീണയുടെ ഹര്‍ജി.
സിഎംആര്‍എലും എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി വിവിധ രേഖകള്‍ ആവശ്യപ്പെട്ടു വീണയ്ക്ക് എസ്എഫ്‌ഐഒ സമന്‍സ് നല്‍കിയിരുന്നു. നേരത്തേ സിഎംആര്‍എലിലും കെഎസ്‌ഐഡിസിയിലും നേരിട്ടുള്ള പരിശോധനയ്ക്കു മുന്നോടിയായി നല്‍കിയ നോട്ടിസാണ് വീണയുടെ കമ്പനിക്കും നല്‍കിയത്. കമ്പനിയുടെ സേവനം, സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച രേഖകളാണ് നല്‍കേണ്ടത്.
എസ്എഫ്‌ഐഒ അന്വേഷണത്തിന് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ വീണ നല്‍കിയ റിട്ട് ഹര്‍ജിക്കൊപ്പം ഈ സമന്‍സ് രേഖയും ഹാജരാക്കിയിട്ടുണ്ട്. ജനുവരി 31ലെ അന്വേഷണ ഉത്തരവു തന്നെ റദ്ദാക്കണമെന്നും വീണയുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിക്കാന്‍ ആധാരമായ എല്ലാ രേഖകളും കോടതി വിളിച്ചുവരുത്തി തങ്ങള്‍ക്കു കൈമാറണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.

Advertisement

Tags :
kerala
Advertisement
Next Article