കുടുംബ ബജറ്റ് താളം തെറ്റിച്ച് പച്ചക്കറി, പലവ്യഞ്ജനം: മത്സ്യവും തൊട്ടാല്‍ പൊള്ളും
ആലപ്പുഴ: പച്ചക്കറിയും പലചരക്കും മത്സ്യവും തൊട്ടാല്‍ പൊള്ളും. വിപണി ഇടപെടലിന് സര്‍ക്കാരിന് പണം ഇല്ലാതെ വന്നതോടെ അവശ്യ സാധനങ്ങള്‍ക്ക് വില കുതിച്ചുകയറുകയാണ്. പരമ്പരാഗത വ്യവസായ മേഖലകളായ കയറും മത്സ്യബന്ധനവും തകര്‍ച്ചയിലായതോടെ പലവ്യഞ്ജനങ്ങളുടെയും പച്ചക്കറികളുടെയും വിലക്കയറ്റം സാധാരണ ജനജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.
പച്ചക്കറിയില്‍ വെണ്ട, കാരറ്റ്, ബീറ്റ്റൂട്ട്, പയര്‍, പച്ചമുളക് തുടങ്ങിയവക്കാണ് വില കൂടിയത്. കറി പയറും ബീറ്റ്റൂട്ടും 100 രൂപയില്‍ എത്തി. കാരറ്റിന് 69 രൂപയില്‍ നിന്ന് 80 രൂപയായി. പച്ചക്കറികള്‍ക്ക് ആനുപാതികമായി ഫലങ്ങളുടെയും വില കുതിച്ചുയരുകയാണ്. ഒരുകിലോ ഏത്തപ്പഴത്തിന് വില 80 രൂപയായി. രണ്ടുമാസത്തിനിടെയാണ് ഒരുഗ്ലാസ് നാരങ്ങാവെള്ളത്തിന് 15രൂപയില്‍ നിന്ന് 25 രൂപയായി ഉയര്‍ന്നത്. നാരങ്ങയുടെ വില ഉയര്‍ന്നതാണ് വിലവര്‍ധനക്ക് കാരണമെന്നാണ് വ്യാപാരികളുടെ പക്ഷം.
നാരങ്ങയുടെ വില പിന്നീട് കുറഞ്ഞെങ്കിലും നാരങ്ങാവെള്ളത്തിന്റെ വില കുറഞ്ഞില്ല. മിക്കയിടത്തും വ്യാപാരികളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് വിലവര്‍ധന. വിവിധ ഫലങ്ങളുടെ ജ്യൂസുകളുടെ വിലയും കുതിക്കുകയാണ്. 45 രൂപയായിരുന്ന ജ്യൂസുകള്‍ക്ക് 60 രൂപ കൊടുക്കണം. 40 രൂപയായിരുന്ന കരിക്കിന് 50 - 60 രൂപവരെ ഈടാക്കുന്നു. മാസങ്ങള്‍ക്കു മുമ്പ് 120 രൂപ മാത്രമുണ്ടായിരുന്ന വെളുത്തുള്ളിക്ക് ഇപ്പോള്‍ 360 രൂപയിലധികമാണ് വില. ജീരകത്തിന്റെ വില 250 പിന്നിട്ടു. രണ്ടുമാസം മുമ്പ് 150 ആയിരുന്നു വില. പരിപ്പിന് 120, വെള്ളക്കടലക്ക് 210, പയര്‍ 160 എന്നിങ്ങനെയാണ് ഇപ്പോള്‍ വില. സോപ്പിനും വെളിച്ചെണ്ണക്കുമെല്ലാം വിലകൂടി.
മത്സ്യത്തിന്റെ കാര്യത്തിലും വ്യത്യാസമില്ല. ദിനംപ്രതി 15 ലോഡ് മത്സ്യം വന്ന സ്ഥാനത്ത് രണ്ട് ലോഡ് മാത്രമാണ് ഇപ്പോള്‍ എത്തുന്നത്. വില കുതിച്ചുയര്‍ന്നതോടെ ചില്ലറ വില്‍പനക്കാര്‍ അധികം പേരും മീന്‍ എടുക്കാതെ മടങ്ങുകയാണ്. വരും ദിവസങ്ങളില്‍ പ്രതിസന്ധിക്ക് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. പൊന്തു വള്ളക്കാര്‍ക്ക് ലഭിക്കുന്ന ചെറിയ മത്തിക്ക് മാത്രമാണ് വിലയില്‍ ആശ്വാസമുള്ളത്.
100 രൂപയും അതില്‍ താഴെയും വിലയ്ക്ക് മത്തി ലഭിക്കുന്നുണ്ട്.ആവശ്യക്കാര്‍ കുറവായതിനാല്‍ മൊത്തക്കച്ചവടക്കാര്‍ മത്തി വാങ്ങാറില്ല. കടല്‍ത്തീരങ്ങളില്‍ നിന്ന് വളം ആവശ്യത്തിനാണ് മത്തി അധികവും പോകുന്നത്.
പൊന്തുവള്ളക്കാര്‍ക്ക് ലഭിക്കുന്ന കുറഞ്ഞ അളവിലുള്ള മത്തിയാണ് മാര്‍ക്കറ്റില്‍ എത്തുന്നത്. മാര്‍ക്കറ്റില്‍ ഡിമാന്റുള്ള കൊഴുവ, കിളിമീന്‍ തുടങ്ങിയവ കിട്ടുന്നുമില്ല. വില കൂടിയതോടെ വില്‍പന കുറഞ്ഞതായി കച്ചവടക്കാര്‍ പറയുന്നു.