Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കൊച്ചിയിലെ വെള്ളക്കെട്ട്: പ്രശ്‌നത്തില്‍ വീണ്ടും ഇടപെട്ട് ഹൈക്കോടതി

04:52 PM Jun 03, 2024 IST | Online Desk
Advertisement

കൊച്ചി: തൊടുന്യായങ്ങള്‍ പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും ഒരു മഴ പെയ്താല്‍ തന്നെ ജനം ദുരിതത്തിലാണെന്നും ഹൈക്കോടതി. കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ നാളെ വോട്ടെണ്ണല്‍ ആണെന്ന് കരുതി മാറ്റി വയ്ക്കരുതെന്നും കോടതി വ്യക്തമാക്കി. കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് അധികൃതരുടെ അലംഭാവവും ജനങ്ങളുടെ നിസ്സഹായതയും ചൂണ്ടിക്കാട്ടി കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. ജലാശയങ്ങളിലും മറ്റും മാലിന്യമിടുന്ന ജനത്തിന്റെ മനോഭാവത്തിനും ഒരു മാറ്റവും വന്നിട്ടില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവര്‍ത്തിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Advertisement

ഇനിയും ന്യായം പറഞ്ഞുകൊണ്ടിരിക്കാതെ മാലിന്യവും കനാലുകളിലെ ചെളിയും നീക്കുന്നത് അടക്കമുള്ള ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. കഴിഞ്ഞവര്‍ഷം ഭേദപ്പെട്ട രീതിയില്‍ മഴക്കാലപൂര്‍വ മാലിന്യനീക്കം നടന്നിരുന്നു. അതേ മാതൃകയില്‍ ഇത്തവണയും ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍ അത് നടപ്പായില്ല. ഇപ്പോഴാണ് ആ ജോലികള്‍ നടന്നുവരുന്നത്. മഴ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ അതൊരു അവസരമായി കണ്ട് എത്രയും വേഗം ജോലികള്‍ പൂര്‍ത്തിയാക്കണം. നാളെ വോട്ടെണ്ണലാണ് എന്നു കരുതി ഈ ജോലികള്‍ക്ക് മുടക്കം ഉണ്ടാകരുത്.

ജനങ്ങള്‍ ജലാശയങ്ങളിലും മറ്റും മാലിന്യം വലിച്ചെറിയുന്നതിന് എന്തെങ്കിലും കുറവുണ്ടോ? ഒന്നുമില്ല. ഒരു വിധത്തിലുള്ള കരുതലും ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കില്ല, എന്നിട്ട് പരാതി പറയും. മാലിന്യം വലിച്ചെറിയുന്നതിനെതിരെ നടപടികള്‍ ഉണ്ടാവണം. വ്യക്തിയോ സ്ഥാപനമോ ആകട്ടെ, മാലിന്യം വലിച്ചെറിയുന്നതിനെതിരെ കോര്‍പറേഷന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇക്കാര്യത്തില്‍ ഉന്നതാധികാര സമിതിക്ക് കോര്‍പറേഷന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.

കൊച്ചിയിലെ പി ആന്‍ഡ് ടി കോളനി നിവാസികളെ പുനരധിവസിപ്പിച്ച ലൈഫ് മിഷന്റെ ഫ്‌ലാറ്റ് സമുച്ചയം ചോര്‍ന്നൊലിച്ച സംഭവത്തിലും രൂക്ഷമായ പ്രതികരണമാണ് കോടതിയില്‍ നിന്നുണ്ടായത്. ''നിങ്ങള്‍ എങ്ങനെയാണ് ജനങ്ങളോട് സമാധാനം പറയുന്നത്? ജനങ്ങള്‍ ഇതൊക്കെ വിശ്വസിച്ച് സഹിച്ച് മിണ്ടാതിരിക്കും. എന്നും അങ്ങനെ ക്ഷമിക്കും എന്ന് കരുതരുത്. വേറെ വഴിയില്ലാത്തതു കൊണ്ട് ജനങ്ങള്‍ മിണ്ടാതിരിക്കുന്നതാണ്. സാധാരണ ജനങ്ങള്‍ ആയതുകൊണ്ടല്ലേ ഇതൊക്കെ മതി എന്നു കരുതിയത്? ഒരു വിഐപി പാര്‍പ്പിട സമുച്ചയം ആയിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യുമായിരുന്നോ? അതുകൊണ്ട് ഇവിടെ രണ്ടു തരം പൗരന്മാരില്ല എന്നു പറയണ്ട'', ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

Advertisement
Next Article