പാർട്ടിയെ നിർണായക ഘട്ടങ്ങളിൽ സഹായിച്ച ആളാണ് വെള്ളാപ്പള്ളി; എം വി ഗോവിന്ദനെ തള്ളി ജി സുധാകരൻ
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെപറ്റിയുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമർശത്തെ തള്ളി ജി സുധാകരൻ. നിർണായകഘട്ടങ്ങളിൽ പാർട്ടിയെ സഹായിച്ച ആളാണ് വെള്ളാപ്പള്ളി എന്നും അഭിപ്രായം തുറന്നു പറയുന്ന ശീലം അദ്ദേഹത്തിനുണ്ടെന്നും ജി സുധാകരൻ പറഞ്ഞു.
" വെള്ളാപ്പള്ളി യുമായി സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങളേയുള്ളൂ. പാർട്ടി നിലപാടുകളിലെ ശുദ്ധതയെപ്പറ്റി അദ്ദേഹത്തിന്റെ സംശയമുണ്ടെങ്കിൽ സംസാരിച്ചു തീർക്കണം. 50 വർഷത്തിലധികമായി അദ്ദേഹത്തെ നേരിട്ട് അറിയാം. അദ്ദേഹത്തിന് അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ട്. അഭിപ്രായം പറയാൻ ആരോടും ചോദിക്കണ്ട ആവശ്യമില്ല. ഈഴവ വോട്ടുകൾ എന്ന വോട്ട് ഇല്ല. വോട്ടുകളിൽ എല്ലാ സമുദായക്കാരുമുണ്ട്" ജി സുധാകരൻ പറഞ്ഞു.
ഇന്നലെ സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറിയേറ്റ് യോഗത്തിലും എംപി ഗോവിന്ദന്റെ പരാമർശത്തെ തള്ളി വെള്ളാപ്പള്ളിയെ അനുകൂലിക്കുന്ന അഭിപ്രായങ്ങൾ ഉയർന്നിരുന്നു. വെള്ളാപ്പള്ളിയുടെ നിലപാട് കാരണമാണ് വോട്ട് ചോർന്നതെങ്കിൽ അദ്ദേഹത്തിന് സ്വാധീനമില്ലാത്ത മലബാർ മേഖലയിൽ എങ്ങനെയാണ് വോട്ടുകുറഞ്ഞതെന്നായിരുന്നു എച്ച് സലാം എംഎൽഎയുടെ ചോദ്യം.