സമര വിജയം: സിദ്ധാർഥന്റെ മരണം സിബിഐയ്ക്ക് വിട്ടു
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിൽ എസ്എഫ്ഐ ക്രിമിനലുകളുടെ റാഗിംഗ് മൂലം കൊല്ലപ്പെട്ട സിദ്ധാർത്ഥന്റെ മരണം സർക്കാർ സിബിഐക്ക് വിട്ടു. യൂത്ത് കോൺഗ്രസ്- കെഎസ്‌യു - മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാർ വിഷയത്തിൽ കഴിഞ്ഞ ആറ് ദിവസമായി നിരാഹാര സമരത്തിൽ തുടരുകയായിരുന്നു. സമരം കൂടുതൽ ശക്തമാക്കുന്നതിന് കോൺഗ്രസ് ആലോചിക്കുന്നതിനിടയിലാണ് കേസ് സിബിഐക്ക് വിട്ടത്.
സിദ്ധാർദ്ധന്റെ വിഷയം ഉന്നയിച്ച് കോൺഗ്രസ് നേതാക്കൾ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ സമരപ്പന്തലിലെത്തി രാഹുൽ മാങ്കൂട്ടത്തിലിനും ജെബി മേത്തർ എംപിക്കും അലോഷ്യസ് സേവ്യറിനും നാരങ്ങാനീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്. കുടുംബത്തിൻ്റെ വികാരം മാനിച്ച് കേസ് സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാർത്ഥിന്റെ കുടുംബത്തെ അറിയിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കുന്നതെന്ന് വിഡി സതീശൻ അറിയിച്ചു.
മുഖ്യമന്ത്രി വാക്ക് പാലിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും വാക്ക് തെറ്റിച്ചാൽ ഇതിനേക്കാൾ വലിയ സമരം സംഘടിപ്പിക്കുമെന്നും സതീശൻ പ്രതികരിച്ചു. നിങ്ങൾ നടത്തിയ പോരാട്ടം ഫലം കണ്ടെന്ന് നേതാക്കളോട് പ്രതിപക്ഷ നേതാവ് പറഞ്ഞു. അന്വേഷണത്തിൻ്റെ തുടക്കത്തിൽ പൊലീസ് യാഥാർത്ഥ്യം മൂടിവയ്ക്കാൻ ശ്രമിച്ചു.
കേരളത്തിലെ ചെറുപ്പക്കാരുടെ രോഷത്തിൽ നിന്നാണ് ഈ സമരം ഉയർന്നുവന്നത്. നിരന്തരം സിദ്ധാർത്ഥന്റെ കുടുംബവുമായി ബന്ധപ്പെടുകയായിരുന്നു. മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണം കുടുംബത്തിന് ഉറപ്പു കൊടുത്തു. ഈ മൂന്നുപേരും നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് ബലം പിടിച്ച ഗവൺമെൻറ് സിബിഐ അന്വേഷണം ഉറപ്പുനൽകിയതെന്നും അദ്ദേഹം പറഞ്ഞു.