'ഗാന്ധിജിയെ അവഹേളിച്ച് ദൃശ്യങ്ങൾ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു'; എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗം അദീൻ നാസറിനെതിരെ പരാതി
കൊച്ചി: ആലുവ എടത്തല ചൂണ്ടി ഭാരത് മാതാ ലോകോളേജിൽ മഹാത്മാഗാന്ധിയുടെ പ്രതിമയെ എസ്എഫ്ഐ വിദ്യാർത്ഥി നേതാവ് അപമാനിച്ചതായി പരാതി. പ്രതിമയുടെ മുഖത്ത് കൂളിംഗ് ഗ്ലാസ് വച്ച് ഈ ദൃശ്യം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ കെഎസ്യു രംഗത്തെത്തുകയായിരുന്നു. എസ്എഫ്ഐ നേതാവിനെതിരെ നടപടിയാവശ്യപ്പെട്ട് കെഎസ്‌യു പൊലീസിൽ പരാതി നൽകി. യുവാവ് ഗാന്ധിപ്രതിമയുടെ മുഖത്ത് കൂളിംഗ് ഗ്ലാസ് വെക്കുന്നതും പിന്നീട് ചിത്രമെടുക്കുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ കാണാം. ഈ ദൃശ്യങ്ങൾ എസ്എഫ്ഐ നേതാവ് കൂടിയായ വിദ്യാർത്ഥി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇതാണ് വിവാദമായത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഗാന്ധി പ്രതിമയെ അപമാനിച്ചുവെന്ന് കാട്ടി കെഎസ രംഗത്തെത്തി. നേതാവിനെതിരെ പൊലീസിൽ പരാതിയും നൽകി. അതേസമയം, വിഷയത്തിൽ എസ്എഫ്ഐ നേതാവിന്റെ പ്രതികരണം പുറത്ത് വന്നിട്ടില്ല.