അജിത്കുമാറിന്റെ ആഡംബര വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സില്‍ പരാതി
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിന്റെ കവടിയാര്‍ കൊട്ടാരപരിസരത്തെ ആഡംബര വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സില്‍ പരാതി. അനധികൃത സ്വത്ത് സമ്പാദനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സ്വദേശിയാണ് വിജിലന്‍സിന് പരാതി നല്‍കിയത്.
കോടികള്‍ മുടക്കിയാണ് കവടിയാറില്‍ വീട് നിര്‍മിക്കുന്നതെന്നും ലക്ഷങ്ങള്‍ വിലവരുന്ന കവടിയാറില്‍ സ്ഥലം വാങ്ങി വീടുവെക്കാന്‍ അജിത് കുമാറിന്റെ സാമ്പത്തിക സ്രോതസ് എന്താണെന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. വിജിലന്‍സ് ഡയറക്ടര്‍ കൈമാറുന്ന പരാതിയില്‍ സര്‍ക്കാറിന്റെ അനുമതിയോടെയാണ് അന്വേഷണം നടക്കേണ്ടത്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പരാതിയില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്.
എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ തലസ്ഥാനത്ത് കവടിയാര്‍ കെട്ടാരത്തിനടുത്ത് സ്ഥലം വാങ്ങിയെന്നും അതില്‍ 10 സെന്റ് സ്വന്തം പേരിലും 12 സെന്റ് അദ്ദേഹത്തിന്റെ ഭാര്യാ സഹോദരന്റെ പേരിലുമാണ് രജിസ്റ്റര്‍ ചെയ്തതെന്നുമാണ് പി.വി. അന്‍വറിന്റെ ആരോപണം. അന്‍വറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് അജിത്കുമാറിന്റെ കവടിയാര്‍ കൊട്ടാരപരിസരത്തെ ആഡംബര വീട് നിര്‍മാണം വിവാദത്തിലായത്. കവടിയാര്‍ പാലസ് അവന്യൂവില്‍ ആദ്യത്തെ പ്ലോട്ടാണ് അജിത് കുമാറിന്റേത്. ഗോള്‍ഫ് ലിങ്‌സിന്റെ മതിലിനോട് ചേര്‍ന്നാണ് ഈ ഭൂമി. തലസ്ഥാനത്തെ രാജപാതയായി അറിയപ്പെടുന്ന കവടിയാര്‍ റോഡ് പരിസരത്തോട് ചേര്‍ന്ന് സെന്റിന് 60 -70 ലക്ഷത്തോളം രൂപ വില വരുന്ന പ്രദേശത്ത് 7000 സ്‌ക്വയര്‍ഫീറ്റിലാണ് വീട് നിര്‍മിക്കുന്നത്. നാല് മാസമായി കെട്ടിടത്തിന്റെ പൈലിങ് ജോലികളാണ് നടന്നുവരുന്നത്. ഭൂമിക്കടിയിലേത് ഉള്‍പ്പെടെ മൂന്ന് നിലകളിലായാണ് വീട്. അജിത്കുമാറിന്റെ പേര് ഉള്‍പ്പെടെ രേഖപ്പെടുത്തിയുള്ള പ്ലാന്‍ ഉള്‍പ്പെടെ നിര്‍മാണ സ്ഥലത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
അണ്ടര്‍ഗ്രൗണ്ടില്‍ കാര്‍ പാര്‍ക്കിങ്ങും കാവല്‍ നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിശ്രമിക്കാനുള്ള റൂമുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ നിന്ന് മറ്റു നിലകളിലേക്ക് ലിഫ്റ്റ് സംവിധാനവും പ്ലാനിലുണ്ട്. റോഡില്‍ നിന്ന് നോക്കിയാല്‍ രണ്ടു നില വീടായി തോന്നുമെങ്കിലും അണ്ടര്‍ഗ്രൗണ്ട് കൂടി പരിഗണിച്ചാല്‍ മൂന്നു നിലയായിരിക്കും. അണ്ടര്‍ ഗ്രൗണ്ട് മാത്രം 2250 സ്‌ക്വയര്‍ ഫീറ്റാണ് പ്ലാനിലുള്ളത്.
തൊട്ടടുത്ത നിലയില്‍ രണ്ടു കിടപ്പുമുറികള്‍ ഉള്‍പ്പെടെ സൗകര്യങ്ങളാണുള്ളത്. മാസ്റ്റര്‍ ബെഡ്‌റൂമില്‍ നിന്ന് മാത്രം അക്‌സസ് ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ ഓപണ്‍ ടെറസും പ്ലാനിലുണ്ട്. മൂന്നാം നിലയില്‍ ഫോര്‍മല്‍ ലിവിങ് ഏരിയയും ഒരു കിടപ്പുമുറിയുമാണുള്ളത്. കോടികള്‍ വിലമതിക്കുന്ന ഭൂമി എ.ഡി.ജി.പി റാങ്കിലുള്ളയാള്‍ വാങ്ങുകയും ആഡംബര വീട് പണിയുകയും ചെയ്യുന്നതിനുള്ള പണത്തിന്റെ ഉറവിടവും വിവാദത്തോടൊപ്പം ചര്‍ച്ചയാവുകയാണ്.