കെട്ടിട നിര്‍മാണത്തില്‍ അഴിമതിയും ക്രമക്കേടും: കാര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ എറണാകുളത്തെ കെട്ടിട നിര്‍മാണത്തില്‍ അഴിമതിയും ക്രമക്കേടും നടത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്. മുൻഭരണ സമിതിയുടെ കാലത്ത് 2012ല്‍ നടത്തിയ നിര്‍മാണത്തിലാണ് വിജിലന്‍സ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി രൂപീകരിച്ച സബ് കമ്മിറ്റി അംഗങ്ങളായ മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് കുര്യാക്കോസ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കെ.കെ ജിന്നാസ്, എ മുഹമ്മദ് ബഷീര്‍, ബാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ട്രെയിനിങ്ങിന്റെ അന്നത്തെ പ്രിന്‍സിപ്പലും ഇന്നത്തെ ജനറല്‍ മാനേജരുമായ സിന്ധു ആര്‍. നായര്‍, റീജിയണല്‍ മാനേജര്‍ ആര്‍.പി ഡയ്‌സി എന്നിവര്‍ ഗുരുതര ക്രമക്കേട് നടത്തിയെന്നും സഹകരണ ചട്ട പ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിക്കണമെന്നും വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
കെട്ടിട നിര്‍മാണത്തിന് സംസ്ഥാന സഹകരണ രജിസ്ട്രാറുടെ മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്നും ആദ്യ ടെണ്ടറിലൊഴികെ മല്‍സരാധിഷ്ഠിത ടെന്‍ഡര്‍ നടപടിക്രമങ്ങളും ചട്ടങ്ങളും പാലിച്ചില്ലെന്നും വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. എസ്റ്റിമേറ്റ് തുകയേക്കാള്‍ അധികരിച്ച തുകയ്ക്ക് നിര്‍മാണ കരാര്‍ നല്‍കിയത് വഴി ബാങ്കിന് നഷ്ടം സംഭവിച്ചുവെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കൊച്ചി കോര്‍പ്പറേഷനില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങാതെ മൂന്നാം നിലയില്‍ നിര്‍മാണം നടത്തിയത് വഴി സര്‍ക്കാരിന് നികുതിയിനത്തില്‍ വന്‍ നഷ്ടമുണ്ടാക്കി. ഈ നിര്‍മാണം ക്രമവത്ക്കരിച്ച് വാങ്ങുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണം. ബില്‍ഡിങ് പെര്‍മിറ്റ് വാങ്ങാതെ നിര്‍മാണം നടത്തുകയും പൂര്‍ത്തിയായതിന് ശേഷവും ക്രമവത്ക്കരിക്കുന്നതിന് തുടര്‍ നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്ത ആര്‍.പി ഡെയ്‌സി, സിന്ധു ആര്‍ നായര്‍ എന്നിവരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇവര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നാണ് ശുപാര്‍ശ. സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് നാളിതുവരെ നടത്തിയ നിര്‍മാണ ജോലികള്‍ ഒരു സര്‍ക്കാര്‍ ഏജന്‍സിയുടെ സഹായത്തോടെ അടിയന്തരമായി അവലോകനം ചെയ്യണം. കരാര്‍ പ്രകാരം പൂര്‍ത്തിയാക്കാനുള്ള ജോലികള്‍ നിലവിലെ കരാറുകാരനെ കൊണ്ടുതന്നെ പൂര്‍ത്തീകരിച്ച് ബില്ലുകള്‍ സെറ്റില്‍ ചെയ്യണം. അധിക തുക കരാറുകാര്‍ക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചുപിടിക്കണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.