കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ പിടിയില്‍
എടക്കര: വഴിക്കടവ് വില്ലേജ് ഓഫീസറെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. വഴിക്കടവ് വില്ലേജ് ഓഫീസര്‍ കാളികാവ് സ്വദേശി ഭൂതംകോട്ടില്‍ മുഹമ്മദ് സെമറിനെയാണ് വിജിലന്‍സ് സി ഐ പി ജ്യോതീന്ദ്രകുമാറും സംഘവും അറസ്റ്റ് ചെയ്തത്. വഴിക്കടവ് കുന്നുമ്മല്‍പൊട്ടി എന്‍ സി ബിജുവില്‍ നിന്നും കൈവശരേഖക്ക് കൈക്കൂലി ആവശ്യപ്പെട്ട് പണം വാങ്ങുന്നതിനിടെയാണ് പിടികൂടിയത്. സ്വന്തം ഭൂമിയില്‍ നിന്ന് മരം മുറിക്കാന്‍ വനം വകുപ്പിന് കട്ടിംഗ് പെര്‍മിഷന് സമര്‍പ്പിക്കാനുള്ള കൈവശരേഖയാണ് വില്ലേജ് ഓഫിസര്‍ നല്‍കാതെ ഒരാഴ്ച താമസിപ്പിച്ചത്. പല തവണ ഗൂഗിള്‍ പേ ആയി പണം അയക്കാന്‍ ആവശ്യപെട്ടു. ഒക്ടോബര്‍ 28 ന് ആദ്യം വരാന്‍ പറഞ്ഞിരുന്നു. അന്ന് വില്ലേജ് ഓഫീസര്‍ വന്നില്ല. തുടര്‍ന്നാണ് തിങ്കളാഴ്ച കൈവശരേഖക്ക് ആയിരം രൂപ കൈക്കൂലിയുമായി എത്താന്‍ ആവശ്യപ്പെട്ടത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടിന് കൈക്കൂലി തുക കൈമാറിയ ഉടന്‍ വിജിലന്‍സ് പിടികൂടുകയായിരുന്നു. വില്ലേജ് ഓഫീസറുടെ റൂമിന് ചേര്‍ന്ന് ഫയലുകള്‍ക്കിടയില്‍ നിന്നാണ് വിജിലന്‍സ് ഫിനോഫ്തലിന്‍ പുരട്ടി നല്‍കിയ ആയിരം രൂപ പിടിച്ചെടുത്തത്. കണക്കില്‍പ്പെടാത്ത വേറെ 1500 രൂപയും പിടികൂടി. ഗസറ്റഡ് ഓഫീസര്‍മാരായ പെരുവള്ളൂര്‍ കൃഷി ഓഫീസര്‍ ജേക്കബ് ജോര്‍ജ്, കൊണ്ടോട്ടി മൈനര്‍ ഇറിഗേഷന്‍ അസി. എഞ്ചിനീയര്‍ മുര്‍ഷിദ തസ്‌നി എന്നിവരുടെ സാന്നിധ്യത്തിലാണ് വിജിലന്‍സ് സംഘം കൈക്കൂലി പിടികൂടിയത്. വിജിലന്‍സ് സിഐക്ക് പുറമെ ടി എല്‍ സ്‌റ്റെപ്‌റ്റോ ജോണ്‍, എസ്‌ഐ എം ആര്‍ സജി, മോഹനകൃഷ്ണന്‍, എഎസ്‌ഐ മധുസൂദനന്‍, സീനിയര്‍ സിപിഒ വിജയകുമാര്‍, സന്തോഷ്, പി രാജീവ്, പികെ ശ്രീജേഷ്, ധനേഷ്, രത്‌നകുമാരി, സിപിഒ മാരായ ശ്യാമ, ടിപി അഭിജിത് ദാമോദര്‍, സുബിന്‍ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.