Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വിനാശ കാലേ വിപരീത ബുദ്ധി

06:32 AM Jul 24, 2023 IST | Rajasekharan C P
Advertisement

കുമ്മട്ടിപ്പാടം എന്ന രാജീവ് രവി ചലച്ചിത്രത്തിലെ ഗംഗ എന്ന ഒരൊറ്റ കഥാപാത്രം മതി വിനായകൻ എന്ന നടനെ പ്രേക്ഷക മനസിൽ പ്രതിഷ്ഠിക്കാൻ. അത്രയ്ക്ക് അനുഭവ തീവ്രമാണ് ഈ നടന്റെ അഭിനവ വൈഭവം. അതേ സമയം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്ക് പോകുമ്പോൾ അദ്ദേഹം ടെലികാസ്റ്റ് ചെയ്ത ഒരൊറ്റ ഫെയ്സ് ബുക്ക് ലൈവ് മാത്രം മതി വിനായകനെന്ന നടന്റെ സാംസ്കാരിക വൈകൃതം എത്ര നികൃഷ്ടവും നിന്ദ്യവുമാണെന്ന് ബോധ്യപ്പെടാൻ. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി ഈ നടൻ സമൂഹ മാധ്യമങ്ങളിലൂടെ വേട്ടയാടുന്നതിന്റെ കാരണവും വേറൊന്നല്ല.

Advertisement

എന്തിനാണ് വിനായകൻ വടികൊടുത്ത് അടി വാങ്ങിയതെന്ന് അറിയില്ല. പക്ഷേ, തന്റെ കരിയറിൽ ഇനിയൊരു തിരിച്ചുവരവ് അസാധ്യമാക്കുന്ന തരത്തിലാണ് വിനായകനെ പ്രേക്ഷക സമൂഹം റേറ്റ് ചെയ്യുന്നത്. വിനായകനോട് ഉമ്മൻ ചാണ്ടിയുടെ കു‌ടുംബം പൊറുത്തതു കൊണ്ട്  അദ്ദേഹം നിയമ ന‌ടപടികളിൽ നിന്നു രക്ഷപ്പെട്ടേക്കാം. പക്ഷേ, ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്നവരുടെ മനസിനേറ്റ മുറിവുണക്കാൻ വിനായകന് അത്ര പെട്ടെന്നു കഴിയില്ല.
വളരെ അസാധാരണമായ സാഹചര്യങ്ങളിൽ നിന്ന് സ്വന്തം കഴിവു കൊണ്ടു വളർന്ന നടനാണ് വിനായകൻ. വെള്ളിത്തിരയിലെ വെള്ളിവെളിച്ചത്തെക്കാൾ കൊച്ചി നഗരത്തിലെ ചേരികളിൽ തെളിയുന്ന ചെരാതിന്റെ വെളിച്ചം മാത്രമേ ആ മുഖത്തുള്ളൂ. കൊച്ചി നഗരത്തിന്റെ മലീമസമായ വൈകൃതങ്ങളെല്ലാം വിനായകൻ നേരിട്ടനുഭവിച്ചിട്ടുണ്ട്. അതിന്റെ കുറവെല്ലാം ഈ നടനിലുണ്ടുതാനും.

നൂറോളം ചിത്രങ്ങളിൽ നിറഞ്ഞു നിന്ന വിനായകനെ ഇന്നു കേരളീയ പൊതു സമൂഹം വളരെ പെട്ടെന്നു തിരിച്ചറിയുന്നുണ്ട്. സെലിബ്രിറ്റി പരിവേഷവുമുണ്ട്. പക്ഷേ, അനവസരത്തിൽ അദ്ദേഹത്തിനു പറ്റിയ നാവു ദോഷം- അല്ല ശുദ്ധ വിവരക്കേട്- അദ്ദേഹത്തിന്റെ നിലവാരത്തിനു തീരെ പറ്റിയതായിരുന്നില്ല.
നല്ല സിനിമകളുടെയും സിനമക്കാരുടെയും നാടാണ് കൊല്ലം. ഓഎൻവി കുറുപ്പിനെപ്പോലുള്ള കവികളും ജി. ദേവരാജൻ, രവീന്ദ്രൻ തുടങ്ങിയ സംഗീത സംവിധായകരും കെ.പി കൊട്ടാരക്കര, കെ. രവീന്ദ്ര നാഥൻ നായർ തുടങ്ങിയ നിർമാതാക്കളും ബാലചന്ദ്ര മേനോൻ, ബൈജു കൊട്ടാരക്കര തുടങ്ങിയ സംവിധായകരും കൊട്ടാരക്കര ശ്രീധരൻ നായർ, ജയൻ,  തുടങ്ങിയ നടന്മാരും ഉർവശി, കല്പന, കലാരഞ്ജിനി, അമ്പിളി തുങ്ങിയ നടിമാരുമൊക്കെ കൊല്ലത്തിന്റെ സൃഷ്ടികളാണ്. അവരോരുത്തരും തുറന്നിട്ട സാംസ്കാരിക  വഴികളിലൊരിടത്തും വിനായകനെപ്പോലൊരാളുടെ മനോവൈകൃതം കാണാനില്ല. അതുകൊണ്ടാവണം, ഉമ്മൻ ചാണ്ടിക്കെതിരേ വിനായകന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതു മുതൽ കൊല്ലത്ത് വലിയ പ്രതിഷേധമാണ് ഉയർന്നത്. നഗരത്തിലെ ഒരു കൂട്ടം ചെറുപ്പക്കാർ കഴിഞ്ഞ ദിവസം വീക്ഷണം ഓഫീസിലെത്തി ഒരു പ്രസ്താവന തന്നു. വിനായകൻ അഭിനയിക്കുന്ന ചലച്ചിത്രങ്ങൾ ബഹിഷ്കരിക്കണമെന്നായിരുന്നു അതിലെ ആഹ്വാനം. ഈ വികാരം ഒറ്റപ്പെട്ടതാണെന്നു പറയാൻ വയ്യ. ഇത്തരത്തിൽ ലക്ഷക്കണക്കിന് ഫെയ്സ് ബുക്ക് ആഹ്വാനങ്ങളാണ് കഴിഞ്ഞ ദിവസം വന്നത്. അതു സഹിക്കാം. കാണുന്ന മാത്രയിൽ വിനായകനെ കൈ വയ്ക്കണമെന്ന് ആഹ്വാനം ചെയ്തവരും കുറവല്ല. ആഹ്വാനം ചെയ്തു എന്നു മാത്രമല്ല, നടന്റെ കൊച്ചിയിലെ ഫ്ലാറ്റിനു നേരേ ആക്രമണം വരെയുണ്ടായി.

ഇതെല്ലാം തിരിച്ചറിഞ്ഞാവണം, തനിക്ക് തെറ്റുപറ്റിയെന്ന് വിനായകന് തുറന്നു സമ്മതിക്കേണ്ടി വന്നു. അപ്പോഴത്തെ മാനസികാവസ്ഥയിൽ ചെയ്തു പോയതാണെന്നും നടൻ പരിതപിക്കുന്നു. പക്ഷേ, ഇനിയെങ്കിലും വിനായകൻ അവസരത്തിനൊത്തുയരണം. മികച്ച നടനുള്ള സംസ്ഥാന പുരക്സാരം നേടിയപ്പോൾ കേരളം അപ്പാടെ വിനായകനെ പിന്തുണച്ചത്, സാധാരണ സാഹചര്യങ്ങളിൽ നിന്നു വളർന്നു വന്ന് കഴിവു തെളിയിച്ച പ്രതിഭ എന്ന നിലയിലാണ്. ഈ ബഹുമതി നിലനിർത്താനുള്ള ബാധ്യത മറ്റാർക്കുമല്ല, വിനായകനു തന്നെയെന്നു കൂടി ഓർമിപ്പിക്കട്ടെ.

രാജേഷ് കുമാർ

വിനായകനെക്കാൾ വലിയ അപരാധമാണ് കുന്നത്തൂർ കളത്തൂർ വീട്ടിൽ ആർ.രാജേഷ് കുമാർ ചെയ്തത്. സർക്കാർ ജീവനക്കാരനാണിയാൾ.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം റൂറൽ എസ്.പിയുടെ നിർദ്ദേശപ്രകാരം ശാസ്താംകോട്ട എസ്.എച്ച്.ഒ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
 യൂത്ത് കോൺഗ്രസ് നേതാക്കളായ ഹരി പുത്തനമ്പലം, ഹരികുമാർ കുന്നത്തൂർ എന്നിവർ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, പൊതുമരാമത്ത് വകുപ്പു മന്ത്രി, ഡിജിപി,കൊല്ലം റൂറൽ എസ്.പി എന്നിവർക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് നടപടി. വിനായകനും രാജേഷുമൊന്നും ഉമ്മൻ ചാണ്ടിയുടെ രാഷ്‌ട്രീം മാനിക്കേണ്ട. 11.6 ലക്ഷം സാധാരണക്കാരുടെ ജീവിതത്തിലേക്കു വെളിച്ചം വിതറിയ ജന സമ്പർക്ക പരിപാടി എന്ന ജനകീയ വിപ്ലവത്തിന്റെ വില മനസിലാക്കിയാൽ മതി ഉമ്മൻ ചാണ്ടിയെ പൂവിട്ടു പൂജിക്കും. അതു തിരിച്ചറിഞ്ഞവരാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം വഹിച്ചു കൊണ്ടു പോയ വാഹനത്തിനു പിന്നാലെ അലമുറയിട്ട് ഓടി നടന്നത്. തലസ്ഥാനം മുതൽ പുതുപ്പള്ളി വരെ റോഡ് കാണാതെ ഒരു കെഎസ്ആർടിസി ബസ് കിതച്ചു നീങ്ങിയത്. പുതുപ്പണത്തിന്റെ പട്ടും പത്രാസും മദ്യവും മയക്കുമരുന്നുമൊക്കെയായി അന്തഃപുരങ്ങളിൽ കഴിയുന്നവർക്ക് ഉമ്മൻ ചാണ്ടിയുടെ മഹത്വം മനസിലാകണമെന്നില്ല. എംസി റോഡിനെ ഓസി റോഡാക്കിയ ജനലക്ഷങ്ങളെ കണ്ടാൽ മതി, ഉമ്മൻ ചാണ്ടി ആരായിരുന്നു എന്നു ബോധ്യപ്പെടും.

Tags :
kerala
Advertisement
Next Article