For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വിനേഷ് ഫോഗട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

02:49 PM Aug 07, 2024 IST | Online Desk
വിനേഷ് ഫോഗട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Advertisement

പാരിസ്: പാരിസ് ഒളിമ്പിക്സിലെ വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയില്‍നിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിനേഷ് ഫോഗട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍ജലീകരണം മൂലം ഇന്ന് രാവിലെ വിനേഷ് ബോധരഹിതയായിരുന്നു. തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഇന്ത്യന്‍ സംഘം അറിയിച്ചു.

Advertisement

വനിത ഗുസ്തിയില്‍ രാജ്യത്തന്റെ സുവര്‍ണ പ്രതീക്ഷയായി മുന്നേറിയപ്പോഴാണ് വിനേഷിന് ഒളിമ്പിക് അസോസിയേഷന്‍ അയോഗ്യത കല്‍പിച്ചത്. 50 കിലോഗ്രാം ഫ്രീ സ്‌റ്റൈല്‍ ഇനത്തില്‍ മത്സരിച്ച വിനേഷ് ഭാര പരിശോധനയില്‍ പരാജയപ്പെട്ടതാണ് തിരിച്ചടിയായത്. ഇന്ന് രാവിലെ നടന്ന ഭാര പരിശോധനയില്‍ 100 ഗ്രാം തൂക്കം അധികമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇന്ന് കലാശപ്പോരില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായി ഏറ്റുമുട്ടാനിരിക്കെയാണ് അപ്രതീക്ഷിത തിരിച്ചടി. ഒളിമ്പിക്‌സ് ഗുസ്തിയിലെ നിയമപ്രകാരം ഫോഗട്ടിന് വെള്ളിമെഡലിന് പോലും അര്‍ഹതയുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ സ്വര്‍ണ, വെങ്കല മെഡല്‍ ജേതാക്കള്‍ മാത്രമേ ഉണ്ടാകൂ. നടപടിയോട് ഇന്ത്യന്‍ സംഘം കടുത്ത എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

വിനേഷിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനമാണെന്നും വേദനിക്കരുതെന്നും ശക്തമായി തിരിച്ചുവരണമെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. പിന്നാലെ മോദി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷയുമായി സംസാരിച്ച് ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് വിവരങ്ങള്‍ തേടുകയും ചെയ്തു.

നിലവിലെ ഒളിമ്പിക്‌സ് ചാമ്പ്യനെയടക്കം വീഴ്ത്തിയാണ് അഭിമാന നേട്ടത്തിലേക്ക് വിനേഷ് മുന്നേറിയത്. ഫൈനലിലെത്തിയതോടെ താരത്തിലൂടെ സ്വര്‍ണമോ വെള്ളിയോ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യം മുഴുവന്‍. എന്നാല്‍, ഏവരുടെയും പ്രതീക്ഷകള്‍ തകിടം മറിക്കുന്നതാണ് പരിശോധന ഫലം. നേരത്തെ 53 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ചിരുന്ന വിനേഷ് ഫോഗട്ട് ഭാരം മൂന്ന് കിലോ കുറച്ചാണ് ഒളിമ്പിക്‌സിനെത്തിയിരുന്നത്.

പ്രീ-ക്വാര്‍ട്ടറില്‍ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവും നാലുതവണ ലോക ചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ വീഴ്ത്തിയ വിനേഷ് ക്വാര്‍ട്ടറില്‍ യുക്രെയ്‌നിന്റെ ഒക്‌സാന ലിവാഷിനെയും മറികടന്നാണ് സെമിയിലേക്ക് കടന്നിരുന്നത്. സെമിയില്‍ ക്യൂബന്‍ താരം യുസ്‌നീലിസ് ലോപസിനെ 5-0ത്തിന് വീഴ്ത്തിയായിരുന്നു വിനേഷിന്റെ ചരിത്രക്കുതിപ്പ്. ഇതോടെ ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും വിനേഷിനെ തേടിയെത്തിയിരുന്നു.

Author Image

Online Desk

View all posts

Advertisement

.