കള്ളുഷാപ്പില്‍ അതിക്രമം: അച്ഛനും മകനും അറസ്റ്റില്‍
ഏറ്റുമാനൂര്‍: കള്ളുഷാപ്പില്‍ അതിക്രമം നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് വട്ടമുകള്‍ ലക്ഷംവീട് കോളനി വീട്ടില്‍ കുഞ്ഞുമോന് (48), ഇയാളുടെ മകന് കെനസ് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരും സുഹൃത്തുക്കളും ചേര്‍ന്ന് അഞ്ചാം തീയതി രാത്രി 7.30ഓടെ ഏറ്റുമാനൂര്‍ കുഴിയാലിപ്പടിക്ക് സമീപത്തെ ഷാപ്പിലെ ജീവനക്കാരനെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.കള്ളുകുടിച്ചതിന്റെ പണം ജീവനക്കാരന് ചോദിച്ചതിനെ തുടര്‍ന്ന് കള്ളുകുപ്പികളും പാത്രങ്ങളും നിലത്തെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജീവനക്കാരനെ ചീത്തവിളിക്കുകയും തുടര്‍ന്ന് കള്ള് സൂക്ഷിച്ചിരുന്ന മുറിയില്‍ കയറി അവിടെനിന്ന് കള്ള് നിറച്ചുവെച്ചിരുന്ന കുപ്പികള്‍ എടുത്തുകൊണ്ട് കടന്നുകളയുകയുമായിരുന്നു.
പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്ത് ഇരുവരെയും പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂര്‍ എസ്.ഐ സൈജു, സുനില്‍കുമാര്‍, എ.എസ്.ഐ സജി, സി.പി.ഒമാരായ ഡെന്നി, അനീഷ് വി.കെ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കും ഗാന്ധിനഗര്‍ സ്റ്റേഷനില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.