സമുദ്രാതിര്‍ത്തി ലംഘിച്ചു: 12 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു
ചെന്നൈ: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് 12 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. രണ്ട് ദിവസം മുമ്പ് 23 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടിയിരുന്നു.
ബോട്ടും പിടിച്ചെടുത്തിട്ടുണ്ട്. വള്ളത്തില്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളികളെ പരുത്തിത്തുറക്ക് സമീപം ശ്രീലങ്കന്‍ നാവികസേന വളയുകയായിരുന്നു. സമുദ്രാതിര്‍ത്തിയുടെ ശ്രീലങ്കന്‍ ഭാഗത്തേക്ക് കടന്നതിന് പിന്നീട് ഇവരെ അറസ്റ്റ് ചെയ്യുകയും ബോട്ട് പിടിച്ചെടുക്കുകയും ചെയ്തു.
ജാഫ്‌നയിലെ കാങ്കസന്തുറൈ നേവി ക്യാമ്പിലേക്കാണ് ഇവരെ കൊണ്ടുപോയത്. ഇക്കഴിഞ്ഞ ഞായറാഴ്ച സമുദ്രാതിര്‍ത്തി ലംഘിച്ചതിന് രാമനാഥപുരത്ത് നിന്ന് 23 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും അവരുടെ മൂന്ന് ബോട്ടുകള്‍ പിടികൂടുകയും ചെയ്തിരുന്നു. ഒക്ടോബറില്‍ രാമേശ്വരത്ത് നിന്നുള്ള 16 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തിരുന്നു.
ശ്രീലങ്കന്‍ നാവികസേനയുടെ വര്‍ധിച്ചുവരുന്ന അറസ്റ്റിന്റെ സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെടാനും നയതന്ത്രപരമായി പരിഹരിക്കാനും വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനോട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അഭ്യര്‍ഥിച്ചു. 2024ല്‍ മാത്രം ശ്രീലങ്കന്‍ നാവികസേന 324 മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തതായും അവരുടെ 44 ബോട്ടുകള്‍ പിടിച്ചെടുത്തതായും അറിയിച്ച് ആഗസ്റ്റില്‍ സ്റ്റാലിന്‍ ജയശങ്കറിന് കത്തയച്ചിരുന്നു