ആനയെഴുന്നള്ളിപ്പ് സംബന്ധിച്ച മാനദണ്ഡം ലംഘിച്ച സംഭവം, രൂക്ഷവിമര്‍ശനവുമായി; ഹൈക്കോടതി
കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ആനയെഴുന്നള്ളിപ്പ് സംബന്ധിച്ച മാനദണ്ഡം ലംഘിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. മതത്തിന്റെ പേരില്‍ എന്തും ചെയ്യാമെന്ന് കരുതരുതെന്ന് കോടതി പറഞ്ഞു. സുരക്ഷ മുന്‍നിര്‍ത്തിയാണ് കോടതി മാനദണ്ഡം പുറപ്പെടുവിച്ചത്. എന്നാല്‍ ചിലര്‍ ഈഗോ വച്ചുപുലര്‍ത്തി നിയമലംഘനം നടത്തുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. സാമാന്യബുദ്ധി പോലുമില്ലേയെന്നും കോടതി ചോദിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള രീതിയില്‍ ഉത്സവം നടത്തിപ്പ് അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു. സംഭവത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ ഓണ്‍ലൈനായി ഹാജരാകാനും കോടതി നിര്‍ദേശം നല്കി.
സമാനമായ നിലപാടുകളാണ് ക്ഷേത്ര സമിതികള്‍ തുടരുന്നതെങ്കില്‍ ആനകളെ എഴുന്നള്ളിക്കാനുള്ള അനുമതി പിന്‍വലിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്കി. മാനദണ്ഡം ലംഘിച്ചതില്‍ ദേവസ്വം ബോര്‍ഡ് സത്യവാംഗ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം ആനകളുടെ എഴുന്നളളിപ്പിൽ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കാണിച്ചാണ് കേസ്. ആനകൾ തമ്മിലുളള അകലം മൂന്നു മീറ്റർ ഉണ്ടായിരുന്നില്ലെന്നും ആളുകളും ആനയുമായുളള എട്ടു മീറ്റർ അകലവും പാലിച്ചില്ലെന്നും വനംവകുപ്പ് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.