മിസോറമിലും ഛത്തിസ്ഗഢിലെ 20 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്
ന്യൂഡൽഹി: അഞ്ച് നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തില്‍ മിസോറമിലും ഛത്തിസ്ഗഢിലെ 20 മണ്ഡലങ്ങളിലും നിശബ്ദ പ്രചാരണം ഇന്ന് അവസാനിച്ചു. നാളെ വോട്ടെടുപ്പ്. .
40 സീറ്റുകളുള്ള മിസോറമില്‍ 4.3 ലക്ഷം സ്ത്രീകള്‍ ഉള്‍പ്പെടെ 8.57 ലക്ഷത്തിലധികം വോട്ടര്‍മാരാണ് വിധി എഴുതുന്നത്. ത്രികോണ മത്സരം നടക്കുന്ന മിസോറമില്‍ 16 വനിതകളടക്കം 174 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഭരണകക്ഷിയായ മിസോ നാഷനല്‍ ഫ്രണ്ട് (എം.എൻ.എഫ്), പ്രതിപക്ഷമായ സോറം പീപ്ള്‍സ് മൂവ്മെന്റ് (ഇസഡ്.പി.എം), കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ മുഴുവൻ സീറ്റുകളിലും മത്സരിക്കുന്നുണ്ട്. ബി.ജെ.പി 23 മണ്ഡലങ്ങളിലും ആം ആദ്മി പാര്‍ട്ടി നാലിടത്തും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. കൂടാതെ 27 സ്വതന്ത്രരും ജനവിധി തേടുന്നു. 1,276 വോട്ടിങ് കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയത്.
ഛത്തിസ്ഗഢില്‍ നക്സല്‍ ബാധിത പ്രദേശമായ ബസ്തര്‍ ഡിവിഷനിലെ ഏഴെണ്ണം ഉള്‍പ്പെടെ 11 ജില്ലകളിലെ 20 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. 25 വനിതകള്‍ ഉള്‍പ്പെടെ 223 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. 40,78,681 പേരാണ് ആദ്യഘട്ടത്തില്‍ സമ്മതിദാനം വിനിയോഗിക്കുക. ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനും എം.പിയുമായ ദീപക് ബൈജ്, മന്ത്രിമാരായ കവാസി ലഖ്മ, മോഹൻ മര്‍കം, മുഹമ്മദ് അക്ബര്‍, ചവീന്ദ്ര കര്‍മ, ബി.ജെ.പി നേതാക്കളായ മുൻ മുഖ്യമന്ത്രി രമണ്‍ സിങ്, മുൻ മന്ത്രിമാരായ കേദാര്‍ കശ്യപ്, ലത ഉസെന്ദി, വിക്രം ഉസെന്ദി, മഹേഷ് ഗഗ്ദ എന്നിവരാണ് എന്നിവരാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. മൊഹ്‌ല-മാൻപുര്‍, അന്തഗഢ്, ഭാനുപ്രതാപപുര്‍, കാങ്കര്‍, കേശകാല്‍, കൊണ്ടഗാവ്, നാരായണ്‍പുര്‍, ദന്തേവാഡ, ബിജാപുര്‍, കോണ്ട മണ്ഡലങ്ങളില്‍ രാവിലെ ഏഴു മുതല്‍ വൈകീട്ട് മൂന്നു വരെയും മറ്റിടങ്ങളില്‍ ഏഴു മുതല്‍ വൈകീട്ട് അഞ്ചു വരെയുമാണ് വോട്ടെടുപ്പ്. വോട്ടിങ് കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പോളിങ് സാമഗ്രികളും ഉദ്യോഗസ്ഥരെയും എത്തിക്കാൻ ഹെലികോപ്ടര്‍ ഉള്‍പ്പെടെ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. 5304 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയത്.