നെഹ്റുവിനെതിരേ അമിത്ഷായുടെ പരാമർശം:
കോൺ. എംപിമാർ ഇറങ്ങിപ്പോയി
ന്യൂഡൽഹി: പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമർശത്തെ തുടർന്ന് കോൺഗ്രസ് ൺപിമാർ പാർലമെന്റിൽ നിന്ന് ഇറങ്ങിപ്പോയി. മന്ത്രി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് എംപിമാർ കുറ്റപ്പെടുത്തി. പാക് അധീന കശ്മീർ (പിഒകെ) പ്രശ്നത്തിന്റെ ഉത്തരവാദിത്തം മുൻ പ്രധാനമന്ത്രിയായ നെഹ്‌റുവിനാണെന്നായിരുന്നു അമിത് ഷായുടെ ആരോപണം. "പണ്ഡിറ്റ് നെഹ്‌റു കാരണമാണ് പാക് അധിനിവേശ കശ്മീരിന്റെ പ്രശ്‌നം ഉണ്ടായത്. അല്ലെങ്കിൽ ആ ഭാഗം കശ്മീരിന്റേതാകുമായിരുന്നു. പിഒകെയുടെ ഉത്തരവാദിത്തം നെഹ്‌റുജിക്കായിരുന്നു. അത് തന്റെ തെറ്റാണെന്ന് നെഹ്‌റുജി പറഞ്ഞിരുന്നു. അതൊരു തെറ്റായിരുന്നില്ല, ഈ രാജ്യത്തിന്റെ വളരെയധികം ഭൂമി നഷ്ടപ്പെടാൻ കാരണമായ ഒരു മണ്ടത്തരമാണ്. അമിത് ഷാ പറഞ്ഞു. "നെഹ്‌റുവിന്റെ രണ്ട് മണ്ടത്തരങ്ങൾ കാരണം ജമ്മു-കശ്മീർ ഒരുപാട് ബുദ്ധിമുട്ടി, ഒന്ന് വെടിനിർത്തൽ പ്രഖ്യാപിച്ചു. രണ്ട് കശ്മീർ പ്രശ്നം ഐക്യരാഷ്ട്രസഭയിലേക്ക് കൊണ്ടുപോയി."- ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.
"നേരത്തെ, ജമ്മുവിൽ 37 സീറ്റുകളുണ്ടായിരുന്നു, ഇപ്പോൾ 43 ആയി. നേരത്തെ കശ്മീരിൽ 46 ആയിരുന്നു, ഇപ്പോൾ 47 ഉം, പിഒകെ നമ്മുടേതായതിനാൽ 24 സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്."- ഷാ പറഞ്ഞു. ജമ്മു കശ്മീർ സംവരണ (ഭേദഗതി) ബിൽ 2023, ജമ്മു കശ്മീർ പുനഃസംഘടന ബിൽ 2023 എന്നിവയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.