വഖഫ് ഭേദഗതി ബില്‍: രാഷ്ട്രീയ പാര്‍ട്ടികളുമായും സാമുദായിക സംഘടനകളുമായും ആലോചന വേണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ വിവാദ വഖഫ് ഭേദഗതി ബില്ലില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബില്ലിന്റെ കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായും സാമുദായിക സംഘടനകളുമായും ആലോചന വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ബില്ലിന്റെ ഉള്ളടക്കമറിയാതെ അഭിപ്രായം പറയുന്നതില്‍ കാര്യമില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിലും നിയന്ത്രണത്തിലും വഖഫ് ബോര്‍ഡുകളുടെയും വഖഫ് ട്രൈബ്യൂണലുകളുടെയും ചിറകരിഞ്ഞുള്ള വിവാദ വഖഫ് ഭേദഗതി ബില്ലിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ നിര്‍ദേശിക്കുന്ന ബില്‍ നിയമമായാല്‍, ഏതെങ്കിലും വഖഫ് സ്വത്തിന്മേല്‍ ആരെങ്കിലും അവകാശവാദമുന്നയിച്ചാല്‍ സര്‍ക്കാര്‍ പരിശോധന നിര്‍ബന്ധമാകും. മന്ത്രിസഭ യോഗ തീരുമാനമായി പ്രഖ്യാപിക്കാതെ ബില്ലിനെ കുറിച്ചുള്ള വിവരം മാധ്യമങ്ങള്‍ക്ക് 'ചോര്‍ത്തി നല്‍കി' ഈയാഴ്ച പാര്‍ലമെന്റില്‍ കൊണ്ടുവരുമെന്നാണ് സൂചന.
ബില്ലില്‍ വ്യവസ്ഥ ചെയ്യുന്ന നിര്‍ബന്ധിത പരിശോധന സര്‍ക്കാര്‍ നടത്താതെ ആ സ്വത്ത് വഖഫായി പ്രഖ്യാപിക്കാന്‍ സാധ്യമല്ലാത്ത സാഹചര്യം രാജ്യത്ത് സംജാതമാകും. വഖഫ് ബോര്‍ഡിന്റെ അധികാരം കവര്‍ന്ന് മോദി സര്‍ക്കാര്‍ ബില്ലിലൂടെ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പ്രധാന മാറ്റവും ഇതാണ്.വഖഫ് ബോര്‍ഡുകളുടെ അധികാരം വെട്ടിക്കുറക്കുന്ന തരത്തില്‍ ഘടനയില്‍ നടത്തുന്ന അഴിച്ചുപണിയാണ് രണ്ടാമത്തെ പ്രധാന മാറ്റം. നിലവിലെ വഖഫ് നിയമത്തിലെ ചില വ്യവസ്ഥകള്‍ പുതിയ ബില്ലില്‍ എടുത്തുകളഞ്ഞിട്ടുമുണ്ട്. വഖഫ് ബോര്‍ഡുകള്‍ക്കുമേല്‍ സര്‍ക്കാര്‍ നിയന്ത്രണം വരുന്നതോടെ ബോര്‍ഡുകളുടെ സ്വാതന്ത്ര്യവും സ്വയംഭരണവും നഷ്ടമാകും. വഖഫ് ട്രൈബ്യൂണലുകള്‍ക്കുള്ള അധികാരത്തിലും വെള്ളം ചേര്‍ക്കപ്പെടും. രാജ്യത്തൊട്ടാകെയുള്ള 8.7 ലക്ഷം വഖഫ് സ്വത്തുക്കള്‍ 9.4 ലക്ഷം ഏക്കര്‍ വരുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്ക്.
1954ലെ വഖഫ് നിയമത്തില്‍ 1996ലും 2013ലും പാര്‍ലമെന്റില്‍ ഭേദഗതികള്‍ കൊണ്ടു വന്നാണ് വഖഫ് കൈയേറ്റങ്ങള്‍ വീണ്ടെടുക്കാനും സംരക്ഷിക്കാനും വഖഫ് ബോര്‍ഡുകള്‍ക്ക് അധികാരാവകാശങ്ങള്‍ നല്‍കിയത്. എന്നാല്‍, വഖഫ് സംരക്ഷണത്തിനായി കൊണ്ടുവന്ന ഇത്തരം വ്യവസ്ഥകള്‍ എടുത്തുമാറ്റുന്നതാണ് വിവാദ ബില്‍.
നിയമപരമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഗെസറ്റ് വിജ്ഞാപനത്തിലൂടെ, വഖഫ് പട്ടികയില്‍പ്പെടുത്തിയ സ്വത്തുക്കളിലും പുനഃപരിശോധനക്കും സര്‍ക്കാര്‍ ഇടപെടലിനും ഇത് വഴിയൊരുക്കും. വഖഫ് സ്വത്തുക്കള്‍ക്കുമേല്‍ സ്വകാര്യവ്യക്തികള്‍ അവകാശത്തര്‍ക്കം ഉന്നയിച്ചാലും സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നിര്‍ബന്ധ പരിശോധന ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
വഖഫ് ഗെസറ്റ് വിജ്ഞാപനം
സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന സര്‍വേ കമീഷണര്‍ പരിശോധന നടത്തിയ ശേഷമാണ് വഖഫ് സ്വത്തുക്കളുടെ പട്ടിക വിജ്ഞാപനം ചെയ്യുക. തുടര്‍ന്ന് ഗെസറ്റ് വിജ്ഞാപനത്തില്‍ ആക്ഷേപങ്ങളുണ്ടെങ്കില്‍ ഒരു വര്‍ഷം വരെ അത് ചോദ്യം ചെയ്യാനുള്ള സമയപരിധിയുമുണ്ട്. ഗെസറ്റ് വിജ്ഞാപനത്തിന്മേല്‍ ഒരു വര്‍ഷത്തിനകം ആരും ആക്ഷേപമുന്നയിച്ചില്ലെങ്കില്‍ അത് വഖഫ് സ്വത്തായി മാറും.
ഇത്തരം വ്യവസ്ഥാപിതമായ നിയമ നടപടിക്രമത്തിലൂടെ നിലനില്‍ക്കുന്ന വഖഫ് സ്വത്തുക്കള്‍ വീണ്ടും സര്‍ക്കാറിന്റെ പുനരവലോകനത്തിനും പുനഃപരിശോധനക്കും വിധേയമാക്കുന്നതാണ് പുതിയ ബില്‍.