സിപിഐ ജില്ലാ സെക്രട്ടറി കൊല്ലാൻ മടിക്കില്ലെന്ന് മുൻ സെക്രട്ടറി
*എറണാകുളം ജില്ലാ കമ്മിറ്റിയിൽ രൂക്ഷമായ ചേരിപ്പോര്
കൊച്ചി: സി പി ഐ എറണാകുളം ജില്ലാഘടകത്തിൽ ചേരിപ്പോര് രൂക്ഷം. ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി കെ എം ദിനകരനെതിരെ മുൻ ജില്ലാ സെക്രട്ടറിയും എം എൽ എയുമായിരുന്ന പി രാജു രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത് പാർട്ടിക്കു തലവേദനയായി. എറണാകുളത്ത് സി പി ഐയിൽ കടുത്ത വിഭാഗീയതയാണെന്ന് പി രാജു ഒരു പ്രമുഖ ന്യൂസ് ചാനലിനോടു പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.എം ദിനകരന് തന്നോട് തീർത്താൽ തീരാത്ത പകയാണെന്നും ഒറ്റക്ക് കിട്ടിയാൽ ജില്ലാ സെക്രട്ടറി തന്നെ തട്ടിക്കളയുമെന്ന പേടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൃത്രിമ കള്ളക്കണക്കുണ്ടാക്കിയാണ് തനിക്കെതിരെ ജില്ലാ സെക്രട്ടറി നടപടിയെടുത്തതെന്നും പി രാജു ആരോപിച്ചു. ജില്ലാ സെക്രട്ടറി ഓരോരുത്തരെയായി തെരഞ്ഞുപിടിച്ച് പുറത്താക്കുകയാണ്. തനിക്കെതിരായ അച്ചടക്ക നടപടി പക്ഷപാതപരമാണെന്നും രാജു.
തനിക്ക് പാർട്ടിയിൽ നിന്ന് നീതി കിട്ടിയില്ലെന്നും സംസ്ഥാന നേതൃത്വത്തിന് പരാതി നൽകുമെന്നും സാമ്പത്തിക ആരോപണം മാനസികമായി വിഷമമുണ്ടാക്കിയെന്നും പി രാജു പറഞ്ഞു. ഒരു രൂപ പോലും അലവൻസ് വാങ്ങാതെയാണ് പാർട്ടി പ്രവർത്തനം നടത്തിയിട്ടുള്ളത്. കൃത്രിമ കള്ളകണക്കുണ്ടാക്കിയാണ് നടപടിയെടുത്തത്. ജില്ലാ സെക്രട്ടറി കെ എം ദിനകരൻ സമ്പൂർണ പരാജയമാണ്. സി പി ഐക്ക് എറണാകുളത്ത് ഒരിഞ്ച് മുന്നോട്ട് പോകാൻ കഴിയുന്നില്ലെന്നും പി രാജു ആരോപിച്ചു.
സി പി ഐ എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി രാജുവിനെതിരെ കടുത്ത നടപടിയെടുക്കാൻ പാർട്ടി തീരുമാനിച്ചതിനു പിന്നാലെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തു വന്നത്. തെരഞ്ഞെടുത്ത എല്ലാ സ്ഥാനങ്ങളിൽ നിന്നും പി രാജുവിനെ ഒഴിവാക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം.