വയനാട് ദുരന്തം ; മരണം 147, ചികിത്സയിൽ കഴിയുന്നത് 191പേർ, നൂറോളം പേരെ ഇനിയും കണ്ടെത്തിയിട്ടില്ല
വയനാട്: വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 147ആയി. ഉരുൾപൊട്ടലിൽ കാണാതായ നൂറിലധികം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 191 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. മുണ്ടക്കൈയിൽ തകർന്ന വീടുകളുടെയും കെട്ടിടവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്താനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. സൈന്യവും എൻഡിആർഎഫ് അഗ്നിരക്ഷാ സേന പോലീസ് വനംവകുപ്പ് ആരോഗ്യപ്രവർത്തകർ നാട്ടുകാരുടെയും ഉൾപ്പടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
ഉരുൾപൊട്ടലിൽ തീർത്തും ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിന് വാഹനങ്ങൾ എത്തിക്കാനുള്ള ബെയ്‌ലി പാലത്തിന്റെ നിർമ്മാണം സൈന്യം ആരംഭിച്ചിട്ടുണ്ട്. കാലാവസ്ഥ അനുകൂലമെങ്കിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ രക്ഷാപ്രവർത്തനത്തിന് എത്തും. രാവിലെ തന്നെ ചൂരൽമലയിൽ മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.