വയനാടിനെ ചേര്‍ത്തു പിടിച്ച് സിനിമാ ലോകവും: മമ്മൂട്ടി 20 ലക്ഷം രൂപയും ദുല്‍ഖര്‍ സല്മാന് 15 ലക്ഷവും ഫഹദ് ഫാസില്‍-നസ്രിയ ദമ്പതികള്‍ ചേര്‍ന്ന് 25 ലക്ഷവും കൈമാറി
കൊച്ചി: വയനാട്ടിലെ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായഹസ്തവുമായി സിനിമ താരങ്ങള്‍. മമ്മൂട്ടി ആദ്യഘട്ടമായി 20 ലക്ഷം രൂപയും ദുല്‍ഖര്‍ സല്മാന് 15 ലക്ഷവും ഫഹദ് ഫാസില്‍-നസ്രിയ ദമ്പതികള്‍ ചേര്‍ന്ന് 25 ലക്ഷവും കൈമാറി. മമ്മൂട്ടി കെയര്‍ ഫൗണ്ടേഷന്റെ ഭാഗമായാണ് മമ്മൂട്ടിയും ദുല്‍ഖറും തുക കൈമാറിയത്. ഫഹദ്-നസ്രിയ ദമ്പതികളുടെ ഉടമസ്ഥതയിലുള്ള ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ് എന്ന നിര്‍മാണക്കമ്പനി വഴിയാണ് 25 ലക്ഷം നല്‍കിയത്. ഫഹദ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
മമ്മൂട്ടി നേതൃത്വം നല്കുന്ന ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷനും പ്രമുഖ വ്യവസായിയായ സി.പി സാലിയുടെ സി.പി ട്രസ്റ്റും സംയുക്തമായി ദുരന്തനിവാരണത്തിന് വയനാട്ടിലേക്ക് വാഹനങ്ങള്‍ അയച്ചിട്ടുണ്ട്. ആംബുലന്‍സ് സര്‍വിസ്, പ്രഥമ ശുശ്രൂഷ മരുന്നുകള്‍, ഭക്ഷണപദാര്‍ഥങ്ങള്‍, വസ്ത്രങ്ങള്‍, പാത്രങ്ങള്‍, കുപ്പിവെള്ളം, കുടിവെള്ള ടാങ്കര്‍ തുടങ്ങിയവയാണ് എത്തിക്കുന്നത്.
തമിഴ് സിനിമ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി എത്തിയിരുന്നു. സൂര്യ, കാര്‍ത്തി, ജ്യോതിക എന്നിവര്‍ ചേര്‍ന്ന് 50 ലക്ഷം രൂപയാണ് നല്‍കിയത്. വിക്രം കഴിഞ്ഞ ദിവസം 20 ലക്ഷം കൈമാറിയിരുന്നു. നടി രശ്മിക മന്ദാന 10 ലക്ഷവും നല്കി.