For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഉണർന്നുവീണത് മരണത്തിലേക്ക്; വയനാട് കേരളത്തിന്റെ നൊമ്പരമാകുമ്പോൾ

11:50 AM Jul 31, 2024 IST | Veekshanam
ഉണർന്നുവീണത് മരണത്തിലേക്ക്  വയനാട് കേരളത്തിന്റെ നൊമ്പരമാകുമ്പോൾ
Advertisement

ആദർശ് മുക്കട

Advertisement

വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ നമ്മെ ആഴത്തിൽ മുറിവേൽപ്പിച്ചിരിക്കുകയാണ്. എത്രത്തോളം ഭയാനകമായ സാഹചര്യങ്ങളിലൂടെ ആകും അവിടുത്തുകാർ കടന്നു പോയിട്ടുണ്ടാവുക. പുലർച്ചെ ഒട്ടും പ്രതീക്ഷിക്കാത്ത അപകടം മലയിറങ്ങി വീണപ്പോൾ തകർന്ന് തരിപ്പണമായത് കുറെയധികം സ്വപ്നങ്ങളായിരുന്നു. ഭൂരിഭാഗം പേരും എന്താണ് തങ്ങളുടെ തൊട്ടുമുൻപിൽ സംഭവിക്കുന്നതെന്ന് പോലും അറിയാതെയാകും മരണത്തിലേക്ക് വഴുതി വീണിട്ടുണ്ടാവുക. ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളും നഷ്ടപ്പെട്ടവരും ആ കൂട്ടത്തിൽ ഉണ്ട്. മരിച്ചവരിൽ ഒട്ടേറെ കുട്ടികളും ഉൾപ്പെടുന്നുവെന്ന വിവരം വേദനാജനകമാണ്. നിലവിൽ 150ലേറെ ആളുകൾക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഇനിയും നൂറോളം ആളുകളെ കണ്ടുകിട്ടാനുണ്ട്. 200 ഓളം ആളുകൾ ഇപ്പോഴും ചികിത്സയിലാണ്. ചിലരുടെ നിലയാകട്ടെ ഗുരുതരവും. പല മൃതദേഹങ്ങളും കണ്ടു കിട്ടിയത് ചാലിയാർ പുഴയിൽ നിന്നാണ്. ഉരുൾപൊട്ടൽ നടന്ന സ്ഥലത്ത് നിന്നും കിലോമീറ്റർ അകലെയുള്ള സ്ഥലങ്ങളിൽ നിന്നാണ് ശരീരഭാഗങ്ങൾ നഷ്ടപ്പെട്ട നിലയിൽ പല മൃതദേഹങ്ങളും ലഭിച്ചത്. ഉറ്റവർക്ക് പോലും തിരിച്ചറിയാത്ത നിലയിലായിരുന്നു പല മൃതദേഹങ്ങളും.

സൈന്യത്തിന്റേത് ഉൾപ്പെടെയുള്ള സേവനം ലഭ്യമാണെങ്കിലും പ്രവർത്തനം ഇപ്പോഴും ദുഷ്കരമായി തന്നെ തുടരുകയാണ്.മുണ്ടക്കൈയ്യിൽ ഇപ്പോൾ അവശേഷിക്കുന്നത് വെറും 30 കുടുംബങ്ങൾ മാത്രമാണെന്ന് പഞ്ചായത്ത് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. രേഖകൾ പ്രകാരം 400 അധികം വീടുകളാണ് നേരത്തെ ഇവിടെ ഉണ്ടായിരുന്നത്. മനുഷ്യജീവനകൾക്ക് പുറമെ ഒട്ടേറെ വളർത്തു മൃഗങ്ങൾക്കും അപകടത്തിൽപ്പെട്ട് ജീവഹാനി സംഭവിച്ചു. വയനാട് ജില്ലയിലെ കൽപ്പറ്റ നിയമസഭാ മണ്ഡലത്തിലെ മേപ്പാടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട പ്രദേശമാണ് ദുരന്തത്തിന് സാക്ഷിയായത്. ചൂരൽമല എന്ന അങ്ങാടി പൂർണമായും തകർന്നു. അപകടത്തിന്റെ ആഴവും പരപ്പും എത്രമേൽ കടുപ്പമുള്ളതാണെന്ന് അവിടെ നിന്നും ലഭിക്കുന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. അപ്പോഴും ഇന്ന് നടക്കുന്ന രക്ഷാപ്രവർത്തന മുഖത്തെ ഐക്യവും ഊർജ്ജവും നമുക്ക് പ്രതീക്ഷ സമ്മാനിക്കുന്നതാണ്. ഒരേ മനസ്സോടെ കൈമെയ് മറന്ന് ഒരു ജനതയാകെ വയനാട്ടിലെ ദുരന്തമുഖത്ത് സജീവമാണ്. ഭരണകൂടങ്ങളും ജനപ്രതിനിധികളും രാഷ്ട്രീയ സംഘടനകളും എല്ലാം ഒരേ മനസ്സോടെ സജീവമാണ്. രണ്ടു പ്രളയങ്ങളെയും കോവിഡിനെയും അതിജീവിച്ച അതേ ജനത വയനാട്ടിലെ പ്രകൃതിദുരന്തത്തെയും അതിജീവിക്കുക തന്നെ ചെയ്യും.

Tags :
Author Image

Veekshanam

View all posts

Advertisement

.