വയനാട് ഉരുള്‍പൊട്ടല്‍: പോത്തുകല്ലില്‍ പുഴയില്‍ മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തി
മലപ്പുറം: മലപ്പുറം പോത്തുകല്ലില്‍ പുഴയില്‍ മൃതദേഹം കണ്ടെത്തി. കുനിപ്പാലയില്‍ നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹമാണ് കിട്ടിയത്. വയനാട് ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ അപകടത്തില്‍പ്പെട്ടതായിരിക്കാമെന്നാണ് നിഗമനം. മൃതദേഹം വയനാട്ടില്‍ നിന്ന് ഒലിച്ചുവന്നതാകാമെന്നാണ് കരുതുന്നത്. വാണിയമ്പുഴയില്‍ മൃതദേഹം ഒഴുകി വന്നതായി ഫോറെസ്റ്റ് ഒഫീഷ്യല്‍സില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. പുഴയില്‍ ഗ്യാസ് സിലിണ്ടര്‍ ഒഴുകി നടക്കുന്നുവെന്നും പറയുന്നു. പോത്തുകല്ല് വില്ലേജ് പരിധിയില്‍ വെള്ളിലമാട് ഒരു ബോഡി കൂടി കരക്കടിഞ്ഞതായും നാട്ടുകാര്‍ പറയുന്നു.
വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വന്‍ ദുരന്തമാണുണ്ടായത്. മുണ്ടക്കൈയില്‍ രണ്ടു തവണയായുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 12 പേരുടെ മൃതദേഹം കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ചൂരല്‍മല ടൗണിന്റെ ഒരു ഭാഗം ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഉരുള്‍പൊട്ടലില്‍ കനത്ത നാശമാണ് ഉണ്ടായത്.
വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്. മുണ്ടക്കൈയില്‍ പുലര്‍ച്ചെ ഒരു മണിക്കും പിന്നീട് നാലു മണിക്കുമായി രണ്ടു തവണയാണ് ഉരുള്‍പൊട്ടിയത്. അര്‍ധരാത്രിയിലെ ഉരുള്‍പൊട്ടലിനുശേഷം രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്.400ലധികം കുടുംബങ്ങളെയൊണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. നിരവധി പേര്‍ അപകടത്തില്‍പെട്ടിട്ടുണ്ടാകാമെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.