വയനാട് ഉരുള്‍പൊട്ടല്‍: സണ്‍റൈസ് വാലി മേഖലയില്‍ ഇന്ന് പ്രത്യേക തിരച്ചില്‍ നടത്തും
മേപ്പാടി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി സൂചിപ്പാറക്കും പോത്തുകല്ലിനുമിടയിലെ സണ്‍റൈസ് വാലി മേഖലയില്‍ ഇന്ന് പ്രത്യേക തിരച്ചില്‍ നടത്തും. ഇതിനായി രക്ഷാപ്രവര്‍ത്തകരെ സണ്‍റൈസ് വാലിയിലേക്ക് ഹെലികോപ്ടറിലെത്തിക്കും. സാധാരണ തിരച്ചില്‍ സംഘങ്ങള്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത മേഖലയാണിത്.
സൈന്യത്തിലെയും വനംവകുപ്പിലെയും 12 ഉദ്യോഗസ്ഥരാണ് തിരച്ചിലിനിറങ്ങുക. ഇവര്‍ ആറ് പേരുള്ള രണ്ട് സംഘമായി സണ്‍റൈസ് വാലിയോട് ചേര്‍ന്ന് കിടക്കുന്ന ഇരുകരകളിലും തിരച്ചില്‍ നടത്തും. ഇവരെയും കൊണ്ടുള്ള വ്യോമസേന ഹെലികോപ്ടര്‍ കല്‍പ്പറ്റയില്‍ നിന്ന് പുറപ്പെടും. മൃതദേഹങ്ങള്‍ കണ്ടെത്തിയാല്‍ മേപ്പാടിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യും.
180 പേരെയാണ് ഉരുള്‍പൊട്ടലില്‍ ഇനി കണ്ടെത്താനുള്ളത്. ആകെ മരണം 402 ആയി. തിരിച്ചറിയാത്ത മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളും ഇന്നലെ പുത്തുമലയില്‍ സംസ്‌കരിച്ചു. ചാലിയാര്‍ പുഴയിലെ തിരച്ചിലില്‍ 76 മൃതദേഹങ്ങളും 159 ശരീരഭാഗങ്ങളുമാണ് ഇതുവരെ ലഭിച്ചത്.