വയനാട് ദുരന്തം; പ്രാർത്ഥന അർപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാന്‍ സിറ്റി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി പ്രാർത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഉരുള്‍പൊട്ടലിൽ ജീവൻ നഷ്ടമായവർ പരിക്കേറ്റ വർ നാശനഷ്ടം ഉണ്ടായ മേഖലകൾ എന്നിവ പ്രാര്‍ത്ഥനക്കിടെ മാര്‍പ്പാപ്പ അനുസ്മരിച്ചു. മരണപ്പെട്ടവർക്കും ദുരിതബാധിതര്‍ക്കും വേണ്ടി തന്നോടൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ മാര്‍പാപ്പ ആവശ്യപ്പെട്ടു.
ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യാൻ എത്തിയപ്പോൾ ആയിരുന്നു വയനാട്ടിലെ ഉരുൾപൊട്ടലിൽ വിഷമത അനുഭവിച്ച ജനതയെ പ്രത്യേകം ഓർത്തത്. കൂടാതെ മധ്യപൂര്‍വേഷ്യയില്‍ സമാധാനത്തിനായും ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രാര്‍ത്ഥിച്ചു. യുദ്ധം മനുഷ്യന്റെ പരാജയമാണെന്നും. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടത്തണമെന്നും അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് വേണ്ടിയും പ്രത്യേകിച്ച് നിരപരാധികളായ കുഞ്ഞുങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.