ക്ഷേമപെൻഷൻ തട്ടിപ്പ്; ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പിൽ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് ആരോഗ്യവകുപ്പ്. തട്ടിച്ച തുക 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കാനാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ്. ജീവനക്കാർക്കെതിരെ വകുപ്പ് തല അച്ചടക്കനടപടിയെടുക്കാനും അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടു.
ആദ്യഘട്ടത്തില്‍ വിവിധ വകുപ്പുകളില്‍ നിന്നായി 1400 പേർ അനധികൃതമായി ക്ഷേമപെൻഷൻ കൈപറ്റിയെന്നാണ് പുറത്തുവന്നത്. ഇവയില്‍ ഓരോവകുപ്പില്‍ നിന്നുമുള്ള പട്ടിക പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പട്ടിക എന്തുകൊണ്ട് പൂഴ്ത്തിവെക്കുന്നു, തട്ടിപ്പു നടത്തിയവരെ എന്തിന് സംരക്ഷിക്കുന്നു എന്ന ചോദ്യമാണ് ഉയർന്നുവന്നത്. ഇവരെ സർക്കാർ സർവീസില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷസംഘടനകളടക്കം പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. ആരോഗ്യവകുപ്പിലെ 373 പേരുടെ പട്ടികയാണ് പുറത്തുവന്നത്. ഇവരില്‍ വിവിധ തലങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുണ്ട്. ഈ ഉദ്യോഗസ്ഥരില്‍ നിന്നും അവർ അനധികൃതമായി കൈപറ്റിയിട്ടുള്ള തുക പതിനെട്ട് ശതമാനം പലിശയടക്കം തിരിച്ചുപിടിക്കണമെന്നുള്ളതാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് വ്യക്തമാക്കുന്നത്. പലിശയടക്കം പണം തിരിച്ചുപിടിക്കുന്നതിനപ്പുറം ഇവരെ സർക്കാർ സർവീസില്‍ നിന്നും പിരിച്ചുവിടുന്നതടക്കമുള്ള നടപടിയിലെക്ക് കടക്കുമോയെന്നത് കണ്ടറിയേണ്ടതുണ്ട്. ഏറ്റവും കൂടുതലാളുകള്‍ ഉള്‍പ്പെട്ടിരിക്കുന്നത് ആരോഗ്യവകുപ്പില്‍ നിന്നാണ്. മറ്റ് വകുപ്പുകളുടെ പട്ടികയും പുറത്തുവരേണ്ടതുണ്ട്.