റിസോര്‍ട്ട് വിവാദത്തിലും അനധികൃത സ്വത്ത് സമ്പാദന പരാതിയിലും എന്ത് നടപടി എടുത്തു?: ഇ പി ജയരാജനെ വിടാതെ പി ജയരാജന്‍
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയിട്ടും ഇ പി ജയരാജനെ വിടാതെ പി ജയരാജന്‍. ഇപിക്കെതിരായ റിസോര്‍ട്ട് വിവാദത്തിലും അനധികൃത സ്വത്ത് സമ്പാദന പരാതിയിലും എന്ത് നടപടി എടുത്തുവെന്ന് സിപിഐഎം സംസ്ഥാന സമിതിയില്‍ പി ജയരാജന്‍ ചോദിച്ചു. വൈദേകം റിസോര്‍ട്ടിനെപ്പറ്റി നല്‍കിയ പരാതി എന്തായെന്ന പി ജയരാജന്റെ ചോദ്യത്തിന് പരാതി ഇപ്പോള്‍ പരിഗണിച്ചിട്ടില്ലെന്നായിരുന്നു നേതൃത്വം നല്‍കിയ മറുപടി. ഇ പി ജയരാജന്റെ കുടുംബത്തിന് നിക്ഷേപമുള്ള സ്ഥാപനമാണ് വൈദേകം റിസോര്‍ട്ട്. 2022 നവംബറിലെ സംസ്ഥാന സമിതിയില്‍ പി ജയരാജന്‍ റിസോര്‍ട്ടിനെതിരെ ആക്ഷേപം ഉന്നയിച്ചിരുന്നു. എഴുതി തന്നാല്‍ പരിശോധിക്കാം എന്നായിരുന്നു അന്ന് നേതൃത്വം നല്‍കിയ മറുപടി.
എന്നാല്‍ സിപിഐഎം കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം ഇപി ജയരാജന്‍ മൗനം തുടരുകയാണ്. ജയരാജന്റെ അടുത്ത നീക്കം എന്താണ് എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. സിപിഐഎമ്മില്‍ പിണറായിയുടെ വിശ്വസ്തനായ ഇപിക്കെതിരെയുള്ള നടപടി എം വി ഗോവിന്ദന്റെ നേതൃത്വത്തിലുള്ള തെറ്റ് തിരുത്തലായി വ്യാഖ്യാനിക്കാം. പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട ഇ പി, സമ്മേളന കാലത്ത് സജീവമാകാതെ സ്വയം വിരമിക്കലിനും സാധ്യതയുണ്ട്. ഇപിയെ വലയിലാക്കാനുള്ള തന്ത്രങ്ങള്‍ ബിജെപി പാളയത്തിലും രഹസ്യമായി ഒരുങ്ങുകയാണ്. പാര്‍ട്ടിയില്‍ നിന്ന് പ്രതീക്ഷിച്ച പിന്തുണ കിട്ടാതെ വന്ന ഇ പി ഒരുപക്ഷെ കടുത്ത നിലപാടിലേക്ക് നീങ്ങിയാലും അത്ഭുതപ്പെടാനില്ല. അങ്ങനെ വന്നാല്‍ ഇപി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി ബിജെപിയോട് അനുഭാവം പ്രകടിപ്പിക്കാനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ല.